ബെംഗളൂരു: കാമുകന്റെ ജനനേന്ദ്രിയം മുറിച്ച ദന്തഡോക്ടർക്ക് പത്തുവർഷം കഠിനതടവ്. മറ്റൊരുസ്ത്രീയെ വിവാഹം ചെയ്തതിന്റെ പ്രതികാരംതീർക്കാൻ കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുകളഞ്ഞ ഡോ. സയീദ അമീന നഹീമിനാണ് (42) ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
15,000 രൂപ പിഴയും മൈസൂരു സ്വദേശിയായ ഇരയ്ക്ക് രണ്ടുലക്ഷം രൂപയുടെ നഷ്ടപരിഹാരവും നൽകാൻ കോടതി ഉത്തരവിട്ടു. 2008 നവംബറിലാണ് കേസിനാസ്പദമായ സംഭവം. സയീദയും യുവാവും പ്രണയത്തിലായിരുന്നുവെങ്കിലും പിന്നീട് ബന്ധം അവസാനിപ്പിച്ച് യുവാവ് മറ്റൊരുസ്ത്രീയെ വിവാഹംചെയ്യുകയായിരുന്നു.
വിവാഹം കഴിഞ്ഞ് ആറുമാസത്തിനുശേഷമാണ് സംഭവം നടന്നത്. കോറമംഗലയിലെ സയീദയുടെ ഡെന്റൽ ക്ലിനിക്കിലേക്കുക്ഷണിച്ച കാമുകനെ ജ്യൂസിൽ മയക്കുമരുന്ന് നൽകിയശേഷം ജനനേന്ദ്രിയം മുറിച്ചുകളയുകയായിരുന്നു.
തുടർന്ന് യുവാവിനെ സയീദതന്നെ ആശുപത്രിയിലെത്തിച്ചു. ക്ലിനിക്കിലേക്കുവരുന്നതിനിടെ അപകടം സംഭവിച്ചതാണെന്നായിരുന്നു ആശുപത്രിയിൽ അറിയിച്ചത്. പിന്നീട് കൊലപാതകശ്രമത്തിന് കേസെടുത്ത കോറമംഗല പോലീസ് സയീദയെ അറസ്റ്റുചെയ്തു.
റെയിൽവേ സ്റ്റേഷനിൽനിന്ന് ക്ലിനിക്കിലേക്ക് വരുന്നതിനിടെയുണ്ടായ അപകടത്തിലാണ് യുവാവിന് പരിക്കേറ്റതെന്ന് സയീദയുടെ അഭിഭാഷകൻ വാദിച്ചെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിൽ സയീദ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. സംഭവത്തിനുശേഷം ഇര മാനസികമായി തകർന്നെന്നും വൈവാഹികജീവിതം ഇല്ലാതായെന്നും കോടതി നിരീക്ഷിച്ചു.
മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തെന്ന് അറിഞ്ഞതിനെത്തുടർന്നുള്ള പകയാണ് സംഭവത്തിൽ കലാശിച്ചതെന്നും ജനനേന്ദ്രിയം മുറിച്ചാലുണ്ടാകുന്ന പ്രത്യാഘാതം സയീദയ്ക്ക് അറിയാമായിരുന്നുവെന്നും കോടതി വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.