ബെംഗളൂരു: നഗരത്തിൽ കന്നഡ ബോർഡുള്ള കടകൾക്കുമാത്രം ലൈസൻസ് നൽകാനൊരുങ്ങി ബൃഹത് ബെംഗളൂരു മഹാനഗര പാലികെ(ബി.ബി.എം.പി.).
കന്നഡയിൽ ബോർഡ് സ്ഥാപിച്ചില്ലെങ്കിൽ വ്യാപാരസ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുകയോ പുതുക്കിനൽകുകയോ ചെയ്യില്ലെന്ന് ബി.ബി.എം.പി. മേയർ എം. ഗൗതംകുമാർ അറിയിച്ചു. കന്നഡ ഭാഷയിൽ വലിയ അക്ഷരത്തിൽ ബോർഡ് സ്ഥാപിക്കണം.
ബോർഡുകളിൽ മറ്റു ഭാഷകൾ ആകാമെങ്കിലും പ്രഥമ പരിഗണന കന്നഡയ്ക്കായിരിക്കണമെന്നാണ് നിർദേശം. കർണാടക രാജ്യോത്സവ ദിനമായ നവംബർ ഒന്നുമുതൽ നടപ്പാക്കാനാണ് തീരുമാനം.
കെട്ടിടനിർമാണച്ചട്ടപ്രകാരം വാണിജ്യസമുച്ചയങ്ങളിലും കടകളിലും സ്ഥാപിക്കുന്ന ബോർഡുകളിൽ 60 ശതമാനം കന്നഡ ഭാഷ ഉപയോഗിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും പലരും ഇതു പാലിക്കുന്നില്ല. അതിനാലാണ് വ്യാപാര ലൈസൻസ് നൽകുന്നതിനും പുതുക്കിനൽകുന്നതിനും കന്നഡ ബോർഡ് നിർബന്ധമാക്കാൻ ഒരുങ്ങുന്നത്.
ഇതിനായി വ്യാപാര ലൈസൻസ് നിയമത്തിൽ മാറ്റംവരുത്തുന്നതിനെക്കുറിച്ച് നിയമവിദഗ്‌ധരുമായി ചർച്ചചെയ്യും. പച്ചക്കറിക്കടകൾ, മെഡിക്കൽ സ്റ്റോർ തുടങ്ങിയവയുടെ വ്യാപാര ലൈസൻസ് അഞ്ചുവർഷംകൂടുമ്പോൾ പുതുക്കണമെന്ന നിബന്ധന കൊണ്ടുവരാനും ബി.ബി.എം.പി. ആലോചിക്കുന്നുണ്ട്. നിലവിൽ ഒരോ വർഷംകൂടുമ്പോഴാണ് ലൈസൻസ് പുതുക്കേണ്ടത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.