ന്യൂഡൽഹി: ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളിൽ അതിജാഗ്രതാ നിർദേശം. പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ നാല് ഭീകരർ ഡൽഹിയിൽ പ്രവേശിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തേത്തുടർന്നാണ് നിർദേശം.
ശക്തിയേറിയ ആയുധങ്ങളുമായാണ് ഇവരെത്തിയത് എന്നാണ് ബുധനാഴ്ച ഡൽഹി പോലീസിന്റെ പ്രത്യേക സെല്ലിന് ലഭിച്ച വിവരം. ഇതേത്തുടർന്ന് ഡൽഹിയിൽ തിരച്ചിൽ ശക്തമാക്കിയിരുന്നു. സുരക്ഷാ ഭീഷണിയേത്തുടർന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ പ്രത്യേക ഉന്നതതല യോഗം വിളിച്ചു ചേർത്തു.
ഡൽഹിയിൽ നടത്തിയ തിരച്ചിലിൽ രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡൽഹിക്കു പുറമേ ജനവാസമേറിയ അയൽ നഗരങ്ങളിലും ജാഗ്രത പ്രഖ്യാപിച്ചു്. ഞങ്ങൾ ജാഗരൂകരാണ്, ഭീകരാക്രമണങ്ങൾ നേരിടാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്നും സെൻട്രൽ ഡൽഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പറഞ്ഞു.
ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവർക്ക് നേരെ പാക് ഭീകരർ ആക്രമണം നടത്താൻ ഒരുങ്ങുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു.
ഭീഷണിയേത്തുടർന്ന് രാജ്യത്തെ 30 പ്രധാന നഗരങ്ങൾക്കും വ്യോമസേനക്കും കർശന ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ശ്രീനഗർ, പത്താൻകോട്ട്, അവന്തിപുര, ഹിൻഡൻ, ജമ്മു എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങളിലും സുരക്ഷ ശക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.