കേരളത്തിൽ മഴ കനക്കുന്നു; 3 മരണം, നിരവധി നാശനഷ്ടങ്ങള്‍, നാല് ഡാമുകൾ തുറന്നു

തിരുവനന്തപുരം: കനത്ത മഴയില്‍ സംസ്ഥാനത്ത് പരക്കെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഴയെതുടര്‍ന്ന് ഇതുവരെ 3 പേരുടെ ജീവന്‍ നഷ്ടമായി. നാലുപേരെ കാണാനില്ല.

മഴക്കെടുതിയില്‍ കണ്ണൂര്‍, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഓരോരുത്തര്‍വീതം മരിച്ചത്. തലശ്ശേരിയില്‍ വിദ്യാര്‍ഥിയായ ചിറക്കര മോറക്കുന്ന് മോറാല്‍ക്കാവിനു സമീപം സീനോത്ത് മനത്താനത്ത് ബദറുല്‍ അദ്നാന്‍ കുളത്തില്‍ മുങ്ങിമരിച്ചു.

പത്തനംതിട്ടയില്‍ മീന്‍ പിടിക്കാന്‍ പോയ തിരുവല്ല വള്ളംകുളം നന്നൂര്‍ സ്വദേശി ടി.വി.കോശി മണിമലയാറ്റില്‍ വീണുമരിച്ചു. കൊല്ലത്ത് കാറ്റില്‍ തെങ്ങുവീണ് പനയം ചോനംചിറ സ്വദേശി കുന്നില്‍തൊടിയില്‍ ദിലീപ്കുമാര്‍ മരിച്ചു.

ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. മഴ കനത്തതോടെ കല്ലാര്‍കുട്ടി, പാംബ്ല, ഭൂതത്താന്‍കെട്ട്, മലങ്കര, അരുവിക്കര അണക്കെട്ടുകള്‍ തുറന്നു.

കല്ലാര്‍കുട്ടി അണക്കെട്ടിന്‍റെ ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയര്‍ത്തി. 10 ക്യുമെക്സ് വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്കൊഴുക്കുന്നത്. പാംബ്ല അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ തുറന്ന് സെക്കന്‍ഡില്‍ 15 ക്യുമെക്സ് വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. ഭൂതത്താന്‍കെട്ട് ഡാമിന്‍റെ ഒമ്പതുഷട്ടറുകള്‍ തുറന്നു.

മലങ്കര ഡാമിന്‍റെ രണ്ടു ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തി. പമ്പയ്ക്ക് പുറമെ മൂവാറ്റുപുഴയാറിലും മീനച്ചിലാറ്റിലും ജലനിരപ്പ് കുതിച്ചുയരുകയാണ്. അരുവിക്കര ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നതോടെ കരമനയാറ്റിന്‍റെ തീരത്ത് വെള്ളം കയറി.

വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാല്‍ നദീ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിലും വീടുകളിലും താമസിക്കുന്നവര്‍ എന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തിയ കുടുംബങ്ങളെ മാറ്റേണ്ട സാഹചര്യമുണ്ടെങ്കില്‍ അതാതു വില്ലേജുകളില്‍ ക്യാമ്പുകള്‍ തുടങ്ങാന്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തേണ്ടതാണെന്ന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

23 വരെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നും കാറ്റും ശക്തമാവുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുനല്‍കി. ചിലയിടങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുത്. ശനിയാഴ്ച രാത്രി പതിനൊന്നരവരെ പൊഴിയൂര്‍മുതല്‍ കാസര്‍കോടുവരെയുള്ള കേരളതീരത്ത് 2.9 മുതല്‍ 3.3 മീറ്റര്‍വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന കേന്ദ്രം അറിയിച്ചു.

ശനിയാഴ്ച കാസര്‍ഗോഡും, ഞായറാഴ്ച കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലും തിങ്കളാഴ്ച ഇടുക്കി, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലും റെഡ് അലര്‍ട്ട് പറഞ്ഞിട്ടുണ്ട്. അതിശക്തമായ മഴ ഈ ദിവസങ്ങളില്‍ ഇവിടെയൊക്കെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us