ബെംഗളൂരു :കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് ഗവര്‍ണര്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബിജെപി നേതാക്കളുടെ ആവശ്യത്തെത്തുടര്‍ന്നാണ് ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെട്ടത്.

എന്നാല്‍, സഭാകാര്യങ്ങളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. വിശ്വാസവോട്ടെടുപ്പിന്മേലുള്ള ചര്‍ച്ച ഇപ്പോഴും തുടരുകയാണ്.

വോട്ടെടുപ്പ് നീട്ടിവയ്ക്കാന്‍ വേണ്ടിയാണ് ഭരണപക്ഷം ക്രമപ്രശ്നം ഉന്നയിച്ച് വിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ച ദീര്‍ഘിപ്പിക്കുന്നതെന്നാരോപിച്ച് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടിരുന്നു. ഇതിനു പിന്നാലെ ഗവര്‍ണര്‍ സ്പീക്കര്‍ക്ക് അയച്ച സന്ദേശത്തിലാണ് വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് നിര്‍ദ്ദേശിച്ചത്. സഭാ നടപടികള്‍ നീരീക്ഷിക്കാന്‍ രാജ്സഭയിലെ ഉദ്യോഗസ്ഥനെ ഗവര്‍ണര്‍ അയയ്ക്കുകയും ചെയ്തു.

ഗവര്‍ണറുടെ സന്ദേശം സ്പീക്കര്‍ വായിച്ചതിനുപിന്നാലെയാണ് എതിര്‍പ്പുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.

എന്നാല്‍, ഗവര്‍ണറുടെ നിര്‍ദ്ദേശം അനുസരിക്കുകയാണ് വേണ്ടതെന്ന് ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ പ്രതികരിച്ചു. രാത്രി 12 മണിവരെ സമയമുണ്ട്. അതിനോടകം ചര്‍ച്ച അവസാനിപ്പിച്ച് വിശ്വാസവോട്ടെടുപ്പ് നടത്താവുന്നതേയുള്ളു എന്നും യെദ്യൂരപ്പ അഭിപ്രായപ്പെട്ടു.