ബെംഗളൂരു: ദിവസേന ആറായിരത്തോളം ടൺ മാലിന്യമാണ് ബെംഗളൂരു പുറംതള്ളുന്നത്. ഇവയിൽ 64 ശതമാനവും ദ്രവമാലിന്യമാണ്. അടുത്ത വർഷത്തെ സ്വച്ഛ് ഭാരത് റാങ്കിങ്ങിൽ ബെംഗളൂരുവിന്റെ നില മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നടപടികൾ കർശനമാക്കുന്നത്.
മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ വേർതിരിച്ചില്ലെങ്കിൽ (ഖര – ദ്രവ) സെപ്റ്റംബർ 1 മുതൽ വീട്ടുടമകളിൽ നിന്ന് 1000 രൂപ പിഴ ഈടാക്കാനാണ് ബി.ബി.എം.പി. ഒരുങ്ങുന്നത്. പ്ലാസ്റ്റിക്കിന്റെ അമിതോപയോഗം, മാലിന്യം കൂട്ടിയിട്ട് കത്തിക്കൽ എന്നിവ നിയന്ത്രിക്കാനും നടപടി സ്വീകരിക്കും.
വീടുകളിൽ നിന്നു മാലിന്യം ശേഖരിക്കാൻ കരാർ എടുത്തിട്ടുള്ളവർക്കു ഖര-ദ്രവ മാലിന്യം വേർതിരിച്ചു നൽകിയില്ലെങ്കിൽ ആദ്യ തവണ 200 രൂപയും ആവർത്തിച്ചാൽ 1000 രൂപയും പിഴയീടാക്കും.
ഹോട്ടലുകൾ ഉൾപ്പെടെ വൻതോതിൽ മാലിന്യം പുറംതള്ളുന്നവർ വീഴ്ച വരുത്തിയാൽ ആദ്യ തവണ 1000 രൂപയും ആവർത്തിച്ചാൽ 5000 രൂപയും പിഴയടക്കണം. മാലിന്യം വേർതിരിക്കാതെ ശേഖരിക്കുന്ന പൗരകർമികരിൽ നിന്നും പിഴയീടാക്കും.
ഖരമാലിന്യം വഴിയിൽ തള്ളിയാൽ ആദ്യ തവണ 200 രൂപയും ആവർത്തിച്ചാൽ 1000 രൂപയും അടയ്ക്കേണ്ടിവരും. മൃഗങ്ങളുടെ ജഡവും മറ്റും പൊതു സ്ഥലത്തു തള്ളിയാലും ഇതേ നിരക്കിൽ പിഴയടയ്ക്കണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.