ബെംഗളൂരു: തുമകൂരുവിലെ ബേലൂർ ബയോടെക് ബോയ്ലർ കമ്പനിയുടെ പരിസരത്തുണ്ടാകുന്ന മലിനീകരണത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് ജീവനക്കാരുടെ മർദനം.
രാജ് ന്യൂസ്, സമയ ടി.വി. റിപ്പോർട്ടർമാരായ മഞ്ജുനാഥ്, ദേവരാജു എന്നിവരെ മർദിച്ചത്. രണ്ടുപേരും തുമകൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം വിവാദമായതോടെ ഉപമുഖ്യമന്ത്രി ജി. പരമേശ്വര പത്രപ്രവർത്തകരെ ആശുപത്രിയിൽ സന്ദർശിച്ചു. കുറ്റക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
സംഭവവുമായി ബന്ധപ്പെട്ട്, കമ്പനിയിലെ നാലുജീവനക്കാരെ പോലീസ് അറസ്റ്റുചെയ്തു. ഇന്നലെ രാവിലെയാണ് അക്രമമുണ്ടായത്. കമ്പനിയിൽനിന്ന് ദുർഗന്ധത്തോടെ പുക വമിക്കുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു ഇവർ. പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്നാണ് മാധ്യമപ്രവർത്തകർ സ്ഥലത്തെത്തിയത്.
പുക വമിക്കുന്ന ദൃശ്യങ്ങൾ പുറത്തുനിന്ന് പകർത്തുന്നതിനിടെയാണ് കമ്പനിയിലെ ജീവനക്കാർ ഇവരെ ആക്രമിച്ചത്. രണ്ടു ക്യാമറകളും അനുബന്ധ ഉപകരണങ്ങളും അക്രമത്തിൽ തകർന്നു. വീഡിയോദൃശ്യങ്ങളിൽനിന്ന് തിരിച്ചറിഞ്ഞ ജീവനക്കാരെയാണ് പോലീസ് പിടികൂടിയത്. അക്രമത്തിൽ പങ്കാളികളായ മറ്റുള്ളവർക്കെതിരേയും നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.
അതേസമയം, ജൂൺ എട്ടിന് കമ്പനിയിലെ ഒരു ബോയ്ലർ പൊട്ടിത്തെറിച്ചെങ്കിലും വിവരം മറച്ചുവെച്ച് പ്രവർത്തിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ ആരോപിച്ചു. കമ്പനിയിൽനിന്ന് ദുർഗന്ധത്തോടെയുള്ള പുക പ്രദേശമാകെ വ്യാപിച്ചതോടെ സമീപത്തു താമസിക്കുന്നവർക്ക് ശാരീരികാസ്വസ്ഥതകൾ അനുഭവപ്പെട്ടുതുടങ്ങി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.