ബെംഗളൂരു: അന്തരിച്ച കന്നഡ നാടകകാരൻ ഗിരീഷ് കർണാട് എഴുത്തിലും വ്യക്തിജീവിതത്തിലും ഭയമേശാതെ നിലപാടുകളിൽ ഉറച്ചുനിന്ന, തന്റെ രാഷ്ട്രീയശരികൾ വിളിച്ചുപറയാൻ മടിക്കാത്ത വ്യക്തിത്വത്തിന്റെ ഉടമ.
നഗരത്തിലെ ലാവൽലി റോഡിലെ വീട്ടിലേക്ക് പുഷ്പചക്രവുമായി രാഷ്ട്രീയനേതാക്കളൊന്നും എത്തിയില്ല. കാരണം മറ്റൊന്നുമല്ല, വിലാപയാത്രയും പുഷ്പചക്രംവെയ്ക്കലും പൊതുദർശനവും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല.
ഔദ്യോഗിക ബഹുമതികളൊന്നുംവേണ്ടെന്ന കർണാടിന്റെ ആഗ്രഹംമാനിക്കാൻ കുടുംബവും തീരുമാനിച്ചു. അതിനാൽ വിലാപയാത്രയും ബഹുമതികളും പുഷ്പാർച്ചനയും ഒന്നുമില്ലാതെയായിരുന്നു ഗിരീഷ് കർണാടിന്റെ മടക്കം. കൽപ്പള്ളി വൈദ്യുതിശ്മശാനത്തിൽ തികച്ചും സ്വകാര്യചടങ്ങായാണ് ശവസംസ്കാരം നടന്നത്. എന്നാൽ, അല്പസമയം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അന്ത്യോപചാരമർപ്പിക്കാൻ സൗകര്യമൊരുക്കിയിരുന്നു.
ഔദ്യോഗികബഹുമതി നൽകുമെന്ന് കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നുവെങ്കിലും ഗിരീഷ് കർണാട് പ്രകടപ്പിച്ചിരുന്ന ആഗ്രഹമനുസരിച്ചു ചടങ്ങ് നടത്താൻ പിന്നീട് മകനുമായി ആലോചിച്ചുതീരുമാനിക്കുകയായിരുന്നു.സാഹിത്യരംഗത്തുമാത്രം ഒതുങ്ങാതെ, തന്റെ രാഷ്ട്രീയശരികൾ വിളിച്ചുപറയാൻ കർണാട് മടിച്ചില്ല.
പ്രായാധിക്യവും അസുഖവും ശരീരത്തെ തളർത്തിയപ്പോഴും പൊതുചർച്ചകളിൽനിന്നു മാറിനിന്നില്ല. മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷും പുരോഗമനസാഹിത്യകാരൻ എം.എം. കലബുർഗിയും വധിക്കപ്പെട്ടപ്പോൾ പ്രതിഷേധത്തിന്റെ മുൻനിരയിൽ ഗിരീഷ് കർണാടുണ്ടായിരുന്നു.
ബെംഗളൂരുവിൽ ഗൗരി ലങ്കേഷ് വധത്തിനെതിരേ നടന്ന പ്രതിഷേധപരിപാടിയിൽ മീ ടൂ അർബൻ നക്സൽ എന്ന ബോർഡ് കഴുത്തിൽ തൂക്കിയാണു പങ്കെടുത്തത്. മനുഷ്യാവകാശപ്രവർത്തകർക്കെതിരേ അർബൻ നക്സൽ എന്നാരോപിച്ച് കേസെടുക്കുന്നതിലുള്ള പ്രതിഷേധമാണ് ഇതിലൂടെ പ്രകടിപ്പിച്ചത്. ഇതിനു ഗിരീഷ് കർണാടിനെതിരേ ബെംഗളൂരു പോലീസ് കേസെടുക്കുകയുംചെയ്തു.
തീവ്രഹിന്ദുത്വ നിലപാടുകൾക്കെതിരേ ശക്തമായി പ്രതികരിക്കാൻ അദ്ദേഹം മുൻനിരയിലുണ്ടായിരുന്നു. ഡോ. യു.ആർ. അനന്തമൂർത്തിക്ക് സംഘപരിവാർസംഘടനകളുടെ എതിർപ്പു നേരിടേണ്ടിവന്നപ്പോൾ പിന്തുണച്ചത് ഗിരീഷ് കർണാടാണ്.
പശുസംരക്ഷണത്തിന്റെപേരിൽ അതിക്രമങ്ങളുണ്ടായപ്പോഴും പുരോഗനവാദികൾക്കെതിരേ ആക്രമണമുണ്ടായപ്പോഴും ശക്തമായി പ്രതികരിച്ചു. ഇതേത്തുടർന്ന് പല ഭീഷണികളും അദ്ദേഹത്തിനുനേരെയുണ്ടായി.
ഗൗരി ലങ്കേഷ് വധക്കേസിൽ അറസ്റ്റിലായ തീവ്രഹിന്ദുത്വപ്രവർത്തകരുടെ നോട്ടപ്പട്ടികയിൽ ഗിരീഷ് കർണാടുമുണ്ടായിരുന്നു. അന്വേഷണസംഘം പിടിച്ചെടുത്ത ഡയറിയിൽനിന്നാണ് ഗിരീഷ് കർണാട് അടക്കമുള്ള പുരോഗമനസാഹത്യകാരന്മാരുടെ പേരുകൾ കണ്ടെത്തിയത്.
മതമൗലികവാദത്തിനെതിരേ അദ്ദേഹമെടുത്ത നിലപാടുകളാണ് ഭീഷണിക്കുള്ള കാരണം. എഴുത്തിലും നാടകത്തിലും പുതുവഴിയാണ് കർണാട് സ്വീകരിച്ചത്. കന്നഡ നാടകരംഗം ഐതിഹ്യങ്ങളുടെയും പുരാണങ്ങളുടെയും പിന്നാലെ പോയപ്പോൾ കർണാട് വഴിമാറിനടന്നു. ഇതോടൊപ്പം പുരോഗന ചിന്താഗതികൾ പ്രചരിപ്പിക്കുന്നതിലും മുന്നിട്ടുനടന്നു.
പുരോഗമന ആശയങ്ങൾ പ്രചരിപ്പിച്ച് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് മുന്നിട്ടിറങ്ങി. ഹുബ്ബള്ളി ഈദ്ഗാഹ് മൈതാനത്തുണ്ടായ കലാപത്തിനെതിരേ ശക്തമായി രംഗത്തെത്തി. സംസ്ഥാനത്ത് ടിപ്പുസുൽത്താൻ ജയന്തി ആഘോഷത്തിനെതിരേ ഉയർന്ന പ്രതിഷേധങ്ങളുടെ മുനയൊടിക്കാൻ കർണാട് മുൻനിരയിലുണ്ടായിരുന്നു. ടിപ്പുസുൽത്താൻ സ്വാതന്ത്ര്യസമരസേനാനിയാണെന്നായിരുന്നു കർണാടിന്റെ വാദം. ഇതു തെളിയിക്കുന്നതിനുള്ള രചനകളും അദ്ദേഹം നടത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.