പാർട്ടിക്ക് കനത്ത പ്രഹരമായി എച്ച്.ഡി. ദേവഗൗഡയുടെ പരാജയം

ബെംഗളൂരു: പാർട്ടിക്ക് കനത്ത പ്രഹരമായി എച്ച്.ഡി. ദേവഗൗഡയുടെ പരാജയം. ആറുതവണ തുടർച്ചയായി വിജയിച്ച മണ്ഡലമായ ഹാസൻ കൊച്ചുമകൻ പ്രജ്വൽ രേവണ്ണയ്ക്ക് നൽകിയാണ് ദേവഗൗഡ കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ തുമകൂരുവിലേക്ക് മാറിയത്. കോൺഗ്രസ് പ്രാദേശികനേതൃത്വത്തിന്റെ എതിർപ്പുണ്ടായെങ്കിലും മുതിർന്ന നേതാവ് എന്നനിലയിൽ വിജയിക്കുമെന്നായിരുന്നു പ്രതീക്ഷ.

കോൺഗ്രസിനും ജനതാദൾ എസിനും ശക്തമായ സ്വാധീനമുള്ള മണ്ഡലത്തിൽ വിജയം അദ്ദേഹം ഉറപ്പിക്കുകയും ചെയ്തു. എന്നാൽ, രാഷ്ട്രീയ അടിയൊഴുക്കുകൾ തിരിച്ചടിയായി. നിയമസഭയിലേക്കും ലോക്‌സഭയിലേക്കുമായി ദേവഗൗഡ 15 തിരഞ്ഞെടുപ്പിനെ നേരിട്ടുണ്ട്. ഇതിൽ 1999-ൽ മാത്രമാണ് ഹാസനിൽ പരാജയപ്പെട്ടത്. ഏഴുതവണ നിയമസഭയിലേക്കും ആറുതവണ ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന നിലപാടിൽ മാറ്റംവരുത്തിയാണ് ഇത്തവണ 86-ാം വയസ്സിൽ പോരാട്ടത്തിനിറങ്ങിയത്. ദേശീയരാഷ്ട്രീയത്തിൽവന്ന മാറ്റം മുൻകൂട്ടിക്കണ്ടായിരുന്നു തീരുമാനം.

എന്നാൽ, ദേവഗൗഡയുടെ കണക്കുകൂട്ടലുകൾ പിഴച്ചു. കോൺഗ്രസിന്റെ പിന്തുണയോടെ കൂടുതൽ സീറ്റുകൾ നേടാമെന്ന പ്രതീക്ഷയാണ് തെറ്റിയത്. മാണ്ഡ്യയിൽ സ്വതന്ത്രസ്ഥാനാർഥി സുമലതയോട് കൊച്ചുമകനും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകനുമായ നിഖിൽ കുമാരസ്വാമിയും പരാജയപ്പെട്ടു. കൊച്ചുമകനും മന്ത്രി എച്ച്.ഡി. രേവണ്ണയുടെ മകനുമായ പ്രജ്വൽ രേവണ്ണ ഹാസനിൽ വിജയിച്ചു.

മാണ്ഡ്യയിൽ ഭരണത്തിന്റെ പിൻബലത്തിൽ സർവസന്നാഹവും വിനിയോഗിച്ചാണ് ജനതാദൾ പ്രചാരണത്തിനിറങ്ങിയത്. ദേവഗൗഡയും കുമാരസ്വാമിയും മുഴുവൻ സമയവും പ്രചാരണത്തിനെത്തി. എന്നാൽ, പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ എതിർപ്പാണ് തിരിച്ചടിയായത്. ബി.ജെ.പി.യുടെ പിന്തുണയും സുമലതയ്ക്കുണ്ടായിരുന്നു. നിഖിൽ കുമാരസ്വാമിയുടെയും ദേവഗൗഡയുടെയും പരാജയം വരുംദിവസങ്ങളിൽ കോൺഗ്രസിനെതിരേയുള്ള ശക്തമായ പ്രതിഷേധത്തിനിടയാക്കും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us