ബെംഗളൂരു: സംസ്ഥാനത്ത് ബെംഗളൂരു സെൻട്രൽ സ്ഥാനാർഥിയും യൂത്ത് കോൺഗ്രസ് നേതാവുമായ റിസ്വാൻ അർഷദിന്റെ അനുയായികളുടെ വീടുകളിലും പ്രചാരണക്കമ്മിറ്റി ഓഫീസിലുമടക്കം 20 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. റിസ്വാൻ അർഷദിന്റെ അനുയായികളായ കമാൽ പാഷ, അമാനുള്ള ഖാൻ, നയീസ് ഖാൻ എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്.
കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലും നടപടിക്രമങ്ങൾ പാലിച്ചുമാണ് റെയ്ഡ് നടത്തിയതെന്ന് ആദായനികുതി ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ, റെയ്ഡിൽ ലഭിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംസ്ഥാനത്ത് ബി.ജെ.പി.യുടെ ആഗ്രഹത്തിനൊത്താണ് ആദായനികുതി വകുപ്പിന്റെ നടപടിയെന്ന് കോൺഗ്രസ് ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പ്രവർത്തകരെയും അനുയായികളെയും പീഡിപ്പിക്കുന്നതിനാണ് റെയ്ഡെന്ന് റിസ്വാൻ അർഷദ് പറഞ്ഞു.
മന്ത്രി സി.എസ്. പുട്ടരാജുവിന്റെയും ഭരണപക്ഷ അംഗങ്ങളുമായി ബന്ധമുള്ളവരുടെയും വീടുകളിൽ മാർച്ച് 28-ന് നടത്തിയ റെയ്ഡ് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും ഭരണപക്ഷ നേതാക്കളും ആദായനികുതി ഓഫീസിന് മുന്നിൽച്ചെന്നാണ് പ്രതിഷേധിച്ചത്.
ഇതിനെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആദായനികുതി പ്രിൻസിപ്പൽ ചീഫ് കമ്മിഷണർ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നൽകിയിരുന്നു. ഈ കത്ത് തിരഞ്ഞെടുപ്പ് ഓഫീസർ പോലീസിന് കൈമാറിയതിനെത്തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കോൺഗ്രസ് സ്ഥാനാർഥിയുടെ അനുയായികളുടെ വീട്ടിലും റെയ്ഡ് നടത്തിയത്. ഇതോടെ ആദായനികുതി വകുപ്പും സർക്കാരും തമ്മിൽ ഏറ്റുമുട്ടലിന്റെ പാതയിലേക്ക് നീങ്ങിയിരിക്കുകയാണ്.
ഭരണഘടനാപദവി വഹിക്കുന്നവർ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്നാണ് ആദായനികുതി വകുപ്പിന്റെ ആരോപണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.