മണ്ഡ്യ: നടി സുമലത മാണ്ഡ്യയിൽ മത്സരിക്കാനിറങ്ങുന്നുവെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ കർണാടകാ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴി വെച്ചത്. ആദ്യഘട്ടത്തിൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചതോടെ സ്വതന്ത്രയായി മത്സരിക്കാൻ തീരുമാനിച്ച് താരം കഴിഞ്ഞ ദിവസം പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ കണ്ട കാഴ്ച്ചയാണ് ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരായിരുന്നു സുമലതയ്ക്ക് വേണ്ടി പ്രവർത്തനത്തിന് ഇറങ്ങിയത്. കോൺഗ്രസുകാരും അംബരിഷിന്റെ ആരാധകരും അടക്കം ആയിരക്കണക്കിന് ആളുകളാണ് സുമലതയ്ക്ക് അകമ്പടിയായി എത്തിയത്.
കന്നഢ സൂപ്പർ താരങ്ങളായ ദർശനും യഷും സുമലതക്ക് പിന്തുണയുമായി എത്തിയിരുന്നു. നാളുകൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കഴിഞ്ഞ 18 ന് ആയിരുന്നു കർണാടകത്തിലെ മണ്ഡ്യ ലോക്സഭ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് അന്തരിച്ച കോൺഗ്രസ് എം പി എം.എച്ച് അംബരീഷിന്റെ ഭാര്യ സുമലതയുടെ പ്രഖ്യാപനം വന്നത്. അംബരീഷിന്റെ പാരമ്പര്യം നില നിർത്താനാണ് താൻ ജനവിധി തേടുന്നതെന്നും അവർ പറഞ്ഞു. മണ്ഡ്യയിൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് സ്വതന്ത്രയായി മത്സരിക്കാൻ സുമലത തീരുമാനിച്ചത്. ‘മണ്ഡ്യയിൽ ഞാൻ നേരിൽക്കണ്ട ജനങ്ങളെല്ലാം അംബരീഷിൽ അവർക്കുണ്ടായിരുന്ന വിശ്വാസത്തെക്കുറിച്ച് എന്നോട് പറഞ്ഞു.
എന്നോട് അവർക്കാ വിശ്വാസമുണ്ട് അംബരീഷിന്റെ ഓർമ്മയും പാരമ്പര്യവും നില നിർത്താനാണ് എന്റെ പോരാട്ടം. എന്റെ തീരുമാനം ആരെയെങ്കിലും വേദനിപ്പിക്കുന്നുവെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു.’ സുമലത പറഞ്ഞു. മണ്ഡ്യ സീറ്റ് ജെഡിഎസിന് നൽകിയതോടെയാണ് കോൺഗ്രസുമായി സുമലത തെറ്റിപ്പിരിഞ്ഞത്. ബിജെപി നേതാവ് എസ്.എം കൃഷ്ണയുമായി കൂടിക്കാഴ്ച്ച നടത്തിയത് സുമലത ബിജെപിക്കൊപ്പം ചേരുകയാണെന്ന അഭ്യൂഹങ്ങൾക്കും കാരണമായി.
ഈ സാഹചര്യത്തിൽ കോൺഗ്രസ് പാളയത്തിൽ നിന്ന് സുമലതയ്ക്ക് പിന്തുണ നൽകി നിരവധി പേർ എത്തുന്നത് പാർട്ടി നേതൃത്വത്തിന് വെല്ലുവിളിയാവുകയാണ്. ഹൈക്കമാൻഡിന് എന്ത് നടപടി വേണമെങ്കിലും സ്വീകരിക്കാമെന്നും എന്നാലും സുമലതയോടുള്ള വിശ്വാസം കാത്തു സൂക്ഷിക്കുമെന്നും കോൺഗ്രസ് നേതാവ് നരസിംഹ തുറന്ന് പറഞ്ഞു.
സിനിമാ താരവും പാർലമെന്റ് അംഗവുമായിരുന്ന ഭർത്താവ് എം.എച്ച്.അംബരീഷിന്റെ മരണ ശേഷമാണ് സുമലത രാഷ്ട്രീയരംഗത്തേക്കെത്തുന്നത്. മണ്ഡ്യയിലെ എംപിയായിരുന്നു അംബരീഷ്. സുമലതയെ മണ്ഡ്യയിലെ ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ തെളിയിക്കുന്നത്. നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ കഴിഞ്ഞ ദിവസം വൻജനപങ്കാളിത്തത്തോടെയാണ് സുമലത എത്തിയത്. റോഡ്ഷോയും റാലിയുമൊക്കെയായി പ്രതിഫലിച്ച ശക്തിപ്രകടനം കോൺഗ്രസ്-ജനതാദൾ സഖ്യത്തെ ആശങ്കയിലാക്കാൻ മാത്രം പ്രാപ്തമായിരുന്നു.
മണ്ഡ്യ സീറ്റ് ജെഡിഎസിന് നൽകിയതോടെയാണ് കോൺഗ്രസുമായി സുമലത തെറ്റിപ്പിരിഞ്ഞത്. കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയാണ് മണ്ഡ്യയിലെ കോൺഗ്രസ്-ദൾ സ്ഥാനാർത്ഥി. സുമലതയുടെ സ്വതന്ത്രസ്ഥാനാർത്ഥിത്വത്തെപ്പറ്റി സൂചന ലഭിച്ചതോടെ അനുനയശ്രമങ്ങൾക്കായി കോൺഗ്രസ് ശ്രമിച്ചിരുന്നു. മാണ്ഡ്യയ്ക്ക് പകരം മറ്റൊരു ബംഗളൂരു സൗത്തോ മൈസൂരോ സീറ്റ് നൽകാം എന്നതുമുതൽ സംസ്ഥാനമന്ത്രിസ്ഥാനം വരെ സുമലതയ്ക്ക് കോൺഗ്രസ് വാഗ്ദാനം ചെയ്തെന്നാണ് വിവരം. എന്നാൽ, മണ്ഡ്യയിൽ കുറഞ്ഞതൊന്നും തനിക്ക് വേണ്ടെന്നും അവിടുത്തെ ജനങ്ങളുടെ പുരോഗതിയാണ് തന്റെ ലക്ഷ്യമെന്നും സുമലത ഉറച്ച നിലപാടെടുത്തു.
എന്തായാലും മാണ്ഡ്യയിൽ നിഖിൽ കുമാരസ്വാമിയുടെ വിജയം എന്നത് അത്ര എളുപ്പമല്ലെന്ന് വ്യക്തമായിക്കഴിഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.