യഥാർത്ഥത്തിൽ എന്താണീ “ഒടിയൻ”;ഇവർ ക്ഷണനേരം കൊണ്ട് രൂപപരിണാമത്തിന് വിധേയനാകുന്നതെങ്ങിനെ ? മിത്തും യാഥാർത്ഥ്യവും.

എന്താണ് ഈ “ഒടിയൻ ”
ഒന്നുരണ്ട് വർഷമായി കേരളം മുഴുവൻ പറഞ്ഞ് കേൾക്കുന്ന ഒരു വാക്കാണ് “ഒടിയൻ “, വി എ ശ്രീകുമാറിന്റെ സംവിധാനത്തിൽ ലാലേട്ടൻ നടിച്ച ഒരു സിനിമ എന്നത് മാത്രമായിരിക്കും നല്ലൊരു വിഭാഗം മലയാളികളുടെയും അറിവ്, എന്നാൽ ഭാരതപുഴ കൊച്ചിപ്പാലത്തിലൂടെ മുറിച്ച് കടന്ന് മലബാർ തുടങ്ങുന്ന ആദ്യ ഭാഗത്ത് ഉള്ളവർക്ക് ഒടിയൻ ഒരു മിത്ത് എന്നതിനേക്കാൾ ഒരു പേടിപ്പെടുത്തുന്ന പേരുകൂടിയാണ്.

20-25 വർഷം മുൻപ് വരെ ഭാരതപ്പുഴയും കുന്തിപ്പുഴയും ഒന്നു ചേരുന്നതിന്റെ ഇടയിൽ കിടക്കുന്ന ഗ്രാമപ്രദേശങ്ങൾ ഒടിയൻ എന്ന ഭയപ്പാടിന്റെ പ്രധാന കേന്ദ്രമായിരുന്നു.

ആരാണ് ഒടിയൻ ?

മുകളിൽ പറഞ്ഞ സ്ഥലങ്ങളിൽ ഹിന്ദു മതത്തിലെ തന്നെ രണ്ട് ജാതിയിൽ പെട്ട ആളുകൾ ആണ് ഒടിയൻ മാർ ആയി മാറിയിരുന്നത് എന്നാണ് കഥ, (ജാതിക്ക് വലിയ പ്രാധാന്യം ഇല്ലാത്തത് കൊണ്ട് ആ പേരുകൾ ഇവിടെ കുറിക്കുന്നില്ല).

ഈ വിഭാഗത്തിൽ പെട്ട പുരുഷൻമാർക്ക് ഏത് രൂപവും സ്വീകരിക്കാനുള്ള കഴിവുണ്ട് എന്നാണ് സമൂഹം കരുതി വന്നിരുന്നത്, ചിലപ്പോൾ അവർ പശുവാകും, കാളയാകും, ആനയാകും ,മറ്റെന്തുമാകും… ഈ ഒരു അപര രൂപപരിണാമ പ്രക്രിയയെ ലളിതമായി വിളിച്ചിരുന്ന പേര് ആണ് “ഒടിമറയൽ”. പകൽ സമയത്ത് ഇവരുമായി ഉണ്ടായ ഏതെങ്കിലും ഉരസലിന്റെ പേരിലോ മറ്റാർക്കെങ്കിലും ഉള്ള പക “കൊട്ടേഷനായി “ഏറ്റെടുത്തോ ഇവർ മനുഷ്യനല്ലാത്ത മറ്റൊരു രൂപത്തിൽ അർദ്ധരാത്രിയോടെ പുറത്തിറങ്ങുന്നു.

ശത്രുവിനെ ഭേദ്യം ചെയ്യുകയോ വേണമെങ്കിൽ വധിച്ച് കളയുകയോ ചെയ്യുന്നു, അക്കാലങ്ങളിൽ രാത്രികളിൽ ഉണ്ടായിരുന്ന പല മരണങ്ങളും “ഒടിമരണങ്ങൾ “ആയാണ് കരുതിപ്പോന്നിരുന്നത്, ഇന്നത്തെ കൊട്ടേഷന്റെ ആദിമരൂപമായിരുന്നു എന്ന് ചിന്തിച്ചാലും തെറ്റ് പറയാൻ കഴിഞ്ഞിരുന്നില്ല.. ഒടിയനാൽ വധിക്കപ്പെട്ടാൽ ആരും നിയമനടപടിയുമായി പോകാറുണ്ടായിരുന്നില്ല …. പലരും ചെയ്ത വധങ്ങൾ നിയമത്തിന്റെ മുന്നിൽ പെടാതിരിക്കാൻ ഒടിയന് ചാർത്തിക്കൊടുത്തതായിരുന്നോ എന്ന് ചിന്തിച്ചാൽ അതിനെയും കുറ്റപ്പെടുത്താൻ കഴിയില്ല.

ഒടിയനെ പേടിച്ച് രാത്രി കാലയാത്രകൾ ഒരു പരിധിവരെ എല്ലാവരും ഒഴിവാക്കുമായിരുന്നു.
എങ്ങിനെയാണ് ഇവർ വേഷം മാറുന്നത്?
പ്രത്യേക രീതിയിലുള്ള ആഭിചാര പ്രക്രിയയിലൂടെ (അതിന്റെ ഡീറ്റയിൽസ് ഇവിടെ എഴുതുന്നതിന് പരിമിതികളുണ്ട്) ഉണ്ടാക്കിയെടുക്കുന്ന ഒരു പൊടിയാണ് ഇവരെ പല രൂപങ്ങൾ സ്വീകരിക്കാൻ പ്രാപ്തരാക്കുന്നത്, ഈ പൊടി മുഖത്ത് അണിയേണ്ട താമസം മനുഷ്യൻ കാളയോ കുതിരയോ മറ്റെന്തെങ്കിലുമോ ആയി മാറും, കൃത്യനിർവഹണത്തിനായി കുടി വിട്ടിറങ്ങുകയായി, ക്രൂദ്ധനായ ജീവി ഒരാളെ വകവരുത്തുക എന്ന ലക്ഷ്യവുമായി മുന്നോട്ട് വളരെ വേഗത്തിൽ നീങ്ങിക്കൊണ്ടിരിക്കുന്നതിനിടയിൽ മറ്റൊരു നിരപരാധി മുന്നിൽ വന്നു പെട്ടാലും ഉപദ്രവിച്ചു എന്നു വരും ,വധിക്കാനും സാദ്ധ്യതയുണ്ട്….. രാത്രി സഞ്ചരിച്ച പലരും ഒടിയന്റെ രൂപങ്ങൾ കണ്ടതായി ആ കാലത്ത് അവകാശപ്പെടുന്നത് ഒരു സാധാരണ സംഭവമായിരുന്നു ,പലപ്പോഴും നായകളുടെ കൂട്ടം ഈ വളരെ വേഗത്തിൽ സഞ്ചരിക്കുന്ന ഈ ഭീകര സത്വങ്ങളെ അനുഗമിച്ച് കുരക്കാറും ഓരിയിടാറും ഉണ്ടായിരുന്നു… തെരുവുനായയുടെ ഒരു പ്രത്യേക തരത്തിലുള്ള ഓരിയിടലും കൂടെ എന്തോ ഓടിപ്പോകുന്ന ശബ്ദവും കേട്ടാൽ വാതിൽ അകത്തുനിന്ന് സാക്ഷയിട്ട് പുറത്തിറങ്ങാതെ ഇരിക്കുക മാത്രമായിരുന്നു വഴി, അടുത്ത ദിവസം അടക്കിപ്പിടിച്ച ശബ്ദത്തിൽ വാർത്ത കേൾക്കാം .. ” വടക്കേ ലെ ___വനെ  ഇന്നലെ രാത്രി …. ത്രേ”… തീർന്നില്ല ലക്ഷ്യം പൂർത്തീകരിച്ച് തിരിച്ചെത്തുന്ന ഒടിയന്റെ മാനസിക അവസ്ഥയിൽ ഒരു മാറ്റവും വന്നിട്ടുണ്ടാവില്ല, മുൻപിൽ ബന്ധുക്കൾ അല്ല സ്വന്തം ഭാര്യയാണെങ്കിൽ പോലും വക വരുത്തിക്കളയും,..

ഒടിയൻ തിരിച്ചു വരുന്ന സമയം വീട്ടിലുള്ളവരും അദ്ദേഹത്തിന്റെ മാർഗത്തിൽ നിൽക്കില്ല, ഇനി വീട്ടിലേക്ക് ഓടിക്കയറി വന്ന ഭീകര രൗദ്രമൂർത്തിയെ അത് ചിലപ്പോൾ കാളയാവും കുതിരയാവും മറ്റെന്തെങ്കിലുമാകും അതിനെ പഴയ മനുഷ്യനാക്കി മാറ്റേണ്ട ജോലി അദ്ദേഹത്തിന്റെ സഹധർമ്മിണിക്കാണ്, ചുമരിന്റെയോ തൂണിന്റെയോ മറവിൽ നിന്നു കൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ മുഖത്തേക്ക് തിളച്ച വെള്ളം ഒഴിക്കുന്നതോടെ “അൺ ഇൻസ്റ്റാൾ ” ചെയ്യൽ പൂർത്തിയാകുന്നു.

80ത് കളുടെ ആദ്യ പകുതികൾ വരെ ഒടിയനുമായി ബന്ധപ്പെട്ട നിരവധി അനവധി കഥകൾ ഗ്രാമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു, അർദ്ധരാത്രികളിൽ യാത്ര ചെയ്തിരുന്നവരിൽ ഇതൊരു വലിയ ഭയാശങ്കകൾ സൃഷ്ടിച്ചിരുന്നു എന്ന് മാത്രല്ല, രാത്രികളിൽ സഞ്ചരിച്ചിരുന്ന “ധീരൻമാർ ” പലരും പലയിടങ്ങളിൽ വച്ച് ഒടിയനെ കണ്ട വിധവും രക്ഷപ്പെട്ട് വന്ന വിവരവും സുഹൃത്തുക്കൾക്കിടയിൽ വിവരിക്കുകയും ചെയ്തിരുന്നു.
ജോലി കഴിഞ്ഞ് രാത്രി കള്ളുകുടിക്കാൻ വേണ്ടി ഷാപ്പിൽ കയറി തിരിച്ചു വരുമ്പോൾ അതാ വഴിയിൽ ഒരു കഴൽ (മുള കൊണ്ടും മരം കൊണ്ടും ഉണ്ടാക്കിയ പണ്ടത്തെ ഗേറ്റ്, നീക്കാൻ പറ്റില്ല ചാടിക്കടക്കണം, കന്നുകാലികൾ വരാതിരിക്കാനാണ് ഇത് സ്ഥാപിക്കുന്നത് ) .. അങ്ങോട്ട് പോകുമ്പോൾ ഇല്ലാത്ത കഴൽ ശ്രദ്ധിച്ച് നോക്കുമ്പോൾ അത് നിലത്തുറച്ചിട്ടില്ല ,കയ്യിലുള്ള ആയുധം കൊണ്ട്  അത് ചെത്ത് നിലത്തുറപ്പിച്ച് വീട്ടിലേക്ക് വന്നു, രാവിലെ നോക്കുമ്പോൾ അതാ വീട്ടിൽ മുകളിൽ പറഞ്ഞ ജാതിയിൽപെട്ട പ്രധാന വ്യക്തി ,അദ്ദേഹത്തിന്റെ ചെവിയിൽ ഒരു മുറിവുമുണ്ട് ഉപദേശ രൂപേണ “തമ്പ്രാനെ നേരം കെട്ട നേരത്തെല്ലാം വഴി നടക്ക്ണത് ഒഴിവാക്കിക്കൂടെ “.. ഈ കഥയിൽ കഴലിന് പകരം, കാളയാകാം, പശുവാകാം മറ്റേതെങ്കിലും മൃഗമാകാം പക്ഷേ സാധാരണ പരിക്ക് പറ്റാറുള്ളത് ആളുടെ ചെവിക്കാണ് എന്ന് മാത്രം…
ഈ പാറ്റേണിൽ ഉള്ള നിരവധി കഥകൾ അന്നത്തെ കാലത്ത് പ്രചരിച്ചിരുന്നു, ഒടിയനെ കണ്ട് ഭയപ്പെട്ടവരുടെയും വധിക്കപ്പെട്ടവരുടെയും എണ്ണം നിരവധി ആയിരുന്നു.

സത്യത്തിൽ എന്തായിരുന്നു ഒടിയൻ ?

താഴ്ന്ന ജാതി എന്ന് മുദ്രകുത്തപ്പെട്ട ഒരു വിഭാഗത്തിന് ലഭിക്കപ്പെട്ടിരുന്ന ഒരു സവിശേഷ അധികാരമായിരുന്നോ ഒടിയനായി മാറുക എന്നത് ? യാഥാർത്ഥ്യവുമായി തട്ടിച്ച് നോക്കുമ്പോൾ രാത്രിയിൽ ഒരു ഉദ്യമത്തിന് ഇറങ്ങുമ്പോൾ പിടിക്കപ്പെടാതെ തെന്നിമാറുന്നതിനായി അർദ്ധനഗ്നനായി ശരീരത്തിൽ എണ്ണ തേക്കുകയും ആളെ മനസ്സിലാകാതിരിക്കാൻ ശരീരം മുഴുവൻ കരിവാരി പൂശുകയും ചെയ്ത രൂപത്തെ ആയിരിക്കാം ഒടിയൻ എന്ന് ഭയപ്പാടോടെ ജനങ്ങൾ വിശേഷിപ്പിച്ചിരുന്നത്.

വീടുകളിൽവൈദ്യുതി വിളക്കുകളും തെരുവു വിളക്കുകളും ഇല്ലാതിരുന്ന കാലഘട്ടത്തിൽ ഭയത്തിന്റെ മേമ്പൊടി ചേർത്ത മാനസിക അവസ്ഥയും കൂടിയാകുമ്പോൾ ഇരുട്ടിൽ ശരീരത്തിൽ കരിയും എണ്ണയും ചേർത്ത് തേച്ച് ക്ഷണനേരത്തിൽ മിന്നി മറയുന്ന ആളെ മറ്റെന്തെങ്കിലും രൂപമായി തോന്നി സ്വയം ഭയപ്പെടുന്നതായിരിക്കാം എന്ന് വിശ്വസിക്കാം … അവർ വേഷപ്രച്ഛന്ന രാകുന്നതായിരുന്നോ ? അതോ അവർക്ക് കാളയാകാനും പശുവാകാനും നായയാകാനും കുതിരയായി മാറാനും ഉള്ള വിദ്യ വശമുണ്ടായിരുന്നോ ? ആ ..ആർക്കറിയാം …

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us