ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 ആയിരിക്കും തന്റെ അവസാനത്തെ ചിത്രമെന്ന് കമല്ഹാസന്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി കൂടുതല്‍ സമയം കണ്ടെത്തുന്നതിനാണ് അഭിനയജീവിതത്തില്‍ നിന്നുള്ള ഈ വിടവാങ്ങലെന്നും കമല്‍ പറഞ്ഞു.
കൊച്ചി കിഴക്കമ്പലം പഞ്ചായത്തില്‍ ‘ട്വന്റി20’യുടെ നേതൃത്വത്തില്‍ പാവപ്പെട്ടവര്‍ക്കായുള്ള ഭവനപദ്ധതിയുടെ താക്കോല്‍ദാനം നിര്‍വ്വഹിക്കാന്‍ എത്തിയതായിരുന്നു കമല്ഹാസന്.
മുഴുവന്‍ സമയ രാഷ്ട്രിയ പ്രവര്‍ത്തകനാകുന്നതിന്റെ ഭാഗമായാണ് സിനിമ അഭിനയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് കമലിന്റെ പ്രഖ്യാപനം. തമിഴ്നാട്ടില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലടക്കം തന്റെ പാര്‍ട്ടി മല്‍സരിക്കുമെന്ന് ആവര്‍ത്തിച്ച കമല്‍ മതേതര ചേരിക്കൊപ്പമാകും ഉണ്ടാകുകയെന്നും പറഞ്ഞു.
തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. അഭിനയജീവിതം അവസാനിപ്പിച്ചതിന് ശേഷവും സ്വന്തം നിര്‍മ്മാണ കമ്പനിയായ രാജ്കമല് ഫിലിംസ് സാമൂഹ്യപ്രസക്തിയുള്ള പരിപാടികള്‍ക്ക് ധനസഹായം നല്‍കുമെന്നും കമല്‍ പറഞ്ഞു.
ഈ മാസം 14ന് ഇന്ത്യന്‍ 2ന്റെ ചിത്രീകരണം ആരംഭിക്കും. 1996ല്‍ ഷങ്കര്‍-കമല്ഹാസന് കൂട്ടുകെട്ടില്‍ പുറത്തെത്തി വന്‍ വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2. കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ നായികയാവുന്നത്.
എന്നാല്‍ നേരത്തേ കമല്‍ ചെയ്യുമെന്ന് പറഞ്ഞിരുന്ന മറ്റൊരു പ്രോജക്ട് ഇതോടെ യാഥാര്‍ഥ്യമാവില്ലെന്ന് ഉറപ്പായി. ഭരതന്റെ സംവിധാനത്തില്‍ 1992ല്‍ പുറത്തെത്തിയ ‘തേവര് മകന്റെ’ രണ്ടാംഭാഗത്തില്‍ താന്‍ അഭിനയിക്കുമെന്ന് കമല്‍ മുന്‍പൊരിക്കല്‍ പറഞ്ഞതാണ്. എന്നാല്‍ പുതിയ പ്രഖ്യാപനത്തോടെ ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് വെറുതെയാവും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.