ശബ്ദം കേട്ട് പ്രണയിച്ചു; ഒടുവില്‍ നേരിട്ട് കണ്ടപ്പോള്‍!

ആസ്സാം: ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നില്ല എന്നൊക്കെ പറയുമ്പോലെയാണ് ചിലരുടെ പ്രായവും ശബ്ദവും. പ്രായം എത്ര കൂടിയാലും കൗമാരപ്രായത്തിലാണോ എന്ന് തോന്നിപ്പിക്കുന്ന ശബ്ദം സ്വന്തമായുള്ള വ്യക്തികളുണ്ട്.

അത്തരമൊരു ശബ്ദത്തെ പ്രണയിച്ച് കുരുക്കിലകപ്പെട്ടിരിക്കുകയാണ് ആസ്സാം സ്വദേശിയായ പതിനഞ്ചുകാരൻ. മൊബൈലിൽ തെറ്റി വിളിച്ച നമ്പറിന്‍റെ അങ്ങേയറ്റത്ത് നിന്ന് മധുരമുള്ളൊരു ശബ്ദം കേട്ടപ്പോൾ ഒന്നും ആലോചിക്കുകയോ ചോദിക്കുകയോ ചെയ്യാതെ പ്രണയിച്ചു തുടങ്ങി. എല്ലാ ദിവസവും സംസാരിക്കും.

വിളികളുടെ എണ്ണം ദിവസം ചെല്ലുന്തോറും കൂടിക്കൂടി വന്നു. ഒരുമാസം പിന്നിട്ടപ്പോഴേയ്ക്കും പ്രണയം അതിന്‍റെ മൂർദ്ധന്യാവസ്ഥയിലെത്തി. ഒന്ന് കാണാൻ ധൃതിയായി രണ്ടാൾക്കും. എന്നാല്‍ ഈ സംസാരത്തില്‍ ഒരിക്കല്‍ പോലും ആരാന്നോ എന്താന്നോ ഇരുവരും അന്വേഷിച്ചിട്ടില്ല എന്നതാണ് രസം. എന്തായാലും ഒടുവില്‍ അവര്‍ നേരിട്ട് കാണാന്‍ തന്നെ തീരുമാനിച്ചു.

ആസ്സാമിലെ ​ഗോൾപാര ജില്ലയിൽ നിന്നും സുക്കുവാജർ ​ഗ്രാമത്തിലെത്തിയ ആൺകുട്ടി തന്‍റെ പ്രണയഭാജനത്തെ കണ്ട് കോരിത്തരിക്കുകയല്ല ഉണ്ടായത് അവന്‍ ആകെ തകർന്നു തരിപ്പണമായിപോയി എന്ന്തന്നെ പറയാം. എന്താണെന്നല്ലേ അവന്‍റെ കാമുകിയുടെ പ്രായം അറുപത് വയസ്സ്, അവന് പതിനഞ്ചും.

അപ്പൊ അവന്‍ തരിപ്പണമായതില്‍ സംശയിക്കനില്ലല്ലോ. ചുരുക്കിപ്പറഞ്ഞാൽ കാമുകിക്ക് കാമുകന്‍റെ മുത്തശ്ശിയുടെ പ്രായം. തകർന്നുപോയി എന്നല്ലാതെ വേറെന്ത് പറയാൻ. രണ്ട് പേരുടെയും അവസ്ഥ ഒന്നു തന്നെയായിരുന്നു.

എന്നാൽ പ്രണയമറിഞ്ഞ വീട്ടുകാർ പറയുന്നത് കല്യാണം കഴിച്ച് സുഖമായി ജീവിക്കാനാണ്. ഇവരുടെ എതിർപ്പ് വകവയ്ക്കാതെയാണ് വീട്ടുകാരുടെയും ബന്ധുക്കളുടെയും നിർബന്ധം. ആൺകുട്ടിയുടെ സംസാരം ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു എന്നാണ് കാമുകിയുടെ വിശദീകരണം. എങ്കിലും സുഹൃത്തായി മാത്രമേ പരി​ഗണിച്ചിട്ടുള്ളൂ. വിവാഹം കഴിക്കണമെന്ന് ചിന്തിച്ചിട്ട് കൂടിയില്ലയെന്നും കാമുകി പറഞ്ഞു.

കാമുകനാണെങ്കില്‍ എങ്ങനെയെങ്കിലും ഒന്ന് രക്ഷപെട്ടാല്‍ മതിയെന്നും.  സംഭവത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകരോട് അഭിപ്രായം ചോദിച്ചതായി ​ഗുവാഹത്തിയിലെ ചൈൽഡ് ലൈൻ പ്രവർത്തകനായ നിർമൽ ദേകാ പറയുന്നു.

പ്രായപൂർത്തിയാകാത്ത കുട്ടിയെ വിവാഹം കഴിപ്പിച്ചാൽ ബന്ധുക്കൾക്കെതിരെ നടപടിയെടുക്കാം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താൻ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരെ ഏൽപിച്ചതായും പൊലീസ് വെളിപ്പെടുത്തി.

കുട്ടിയുടെ അവകാശ സംരക്ഷണത്തിനായി നടപടികൾ കൈക്കൊള്ളുമെന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ വ്യക്തമാക്കി. അങ്ങനെ വിവാഹം നടന്നാൽ അത് 2006 ലെ ശിശു  സംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്. എന്നാൽ നിർബന്ധിച്ച് വിവാഹം നടത്തുന്നു എന്ന കാര്യത്തിൽ ഔദ്യോ​ഗിക പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണർ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us