ഒരു പ്രാവശ്യമെങ്കിലും കര്‍ണാടക സന്ദര്‍ശിച്ചിട്ടുള്ള എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാവും മുകളില്‍ മഞ്ഞയും താഴെ ചുവപ്പും കളര്‍ ഉള്ള പതാകകള്‍ സര്‍ക്കാര്‍ ഓഫീസുകളുടെ മുകളിലും സ്കൂളുകളിലും സ്വകാര്യ സ്ഥാപനങ്ങളുടെ മുന്‍പിലും എല്ലാം ഇത് കാണാത്തവര്‍ ബെംഗളൂരുവിലോ കര്‍ണാടകയിലോ ഉണ്ടാവില്ല? സത്യത്തില്‍ ഈ പതാകയുടെ ഉദ്ദേശം എന്താണ് ? ഇതെങ്ങനെ വന്നു ? ഇത് എന്തിനെ പ്രതിനിധീകരിക്കുന്നു ?സംസ്ഥാനങ്ങള്‍ക്ക് സ്വന്തം പതാക ഉപയോഗിക്കാന്‍ അവകാശമുണ്ടോ ? ഇത്തരം സംശയങ്ങള്‍ നിങ്ങളുടെ മനസ്സിലും ഉണ്ടാകും.അതിനുത്തരമാണ് ഈ ലേഖനം.
ജമ്മു കശ്മീര്‍ ഒഴികെ യുള്ള ഒരു സംസ്ഥാനത്തിനും ഒരു പ്രത്യേക പതാക ഉപയോഗിക്കാന്‍ ഉള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നില്ല (ആർട്ടിക്കിൾ 370 എടുത്തു കളയുന്നതിന് മുൻപ് ),എല്ലാ സംസ്ഥാനങ്ങളും ഇന്ത്യയുടെ ദേശീയ പതാക മാത്രമേ ഉപയോഗിക്കാവൂ.
പിന്നെ എങ്ങിനെ ഇവിടെ പീത രക്ത പതാക പാറുന്നൂ എന്നല്ലേ ,അതിനു മുന്‍പ് കുറച്ചു ചരിത്രം നോക്കാം.ഒരു സംസ്ഥാനത്തിന്റെ സാംസ്കാരിക ചിഹ്നങ്ങളും മറ്റും വരുന്നത് അവിടെ മുന്‍പേ ഭരിച്ചിരുന്ന രാജവംശത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങളില്‍ നിന്നാണ്, കര്‍ണാടക ആര് ടീ സിയും മറ്റും ഉപയോഗിക്കുന്ന ഇരട്ട തലയുള്ള കഴുകന് (ഖണ്ഡബേരുണ്ട)മുന്‍പ് മൈസൂര്‍ രാജവംശത്തിന്റെത് ആയിരുന്നു. (ഇതിന്റെ കഥ പിന്നീട് ഒരിക്കല്‍),നമ്മള് കെ എസ് ആര് ടീ സിക്ക് ഉപയോഗിക്കുന്ന രണ്ടു ആനകള്‍ പഴയ തിരുവിതാം കൂറിന്റേ ചിഹ്നത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയത് ആണെന്നത് അറിയാത്തവര്‍ ചുരുക്കം.എന്നാല്‍ ഈ മഞ്ഞ-ചുവപ്പ് പതാക രാജവംശവുമായി ബന്ധപ്പെട്ടത് ഒന്നുമല്ല.
സ്വാതന്ത്ര്യ സമര സേനാനിയായ വീരകേസരി ശ്രീരാമ ശാസ്ത്രിയുടെ മകനാണ് മാ.രാമമൂര്‍ത്തി,സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ അദ്ദേഹം 1960 കളില്‍ കന്നഡ മൂവ്മെന്റ് കളുടെ മുന്നില്‍ നിന്ന് നയിച്ച വ്യക്തിയായിരുന്നു, ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന അദ്ധേഹത്തിന്റെ ശ്രദ്ധയില്‍ ഒരു കാര്യം പതിഞ്ഞു,നഗരത്തില്‍ മറ്റൊരു സംസ്ഥാനക്കാര്‍ തങ്ങളുടെ പതാക പലയിടങ്ങളിലും ഉയര്‍ത്തുന്നുണ്ട് (ഏതു സംസ്ഥാനം എന്ന് ഇവിടെ എഴുതുന്നില്ല ,ആനുകാലിക സംഭവങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ക്ക് അതു വേഗത്തില്‍ മനസ്സിലാകും),ഈ വിഷയത്തില്‍ പ്രതിഷേധിച്ചു ഒരു പദയാത്ര നടത്താന്‍ അദ്ദേഹം തീരുമാനിച്ചു അപ്പോള്‍ ഒരു പതാക വേണമല്ലോ,മഞ്ഞ നിറത്തിന്റെ നടുവില്‍ ചെറിയ നെല്ചെടിയുടെ ചിത്രമുള്ള ഒരു പതാക ഉണ്ടാക്കി.
1965 ല്‍ അദ്ദേഹം കന്നഡ പക്ഷ എന്നാ ഒരു രാഷ്ട്രീയ പാര്‍ടി ഉണ്ടാക്കിയപ്പോള്‍ ഇപ്പോള്‍ കാണുന്ന രൂപത്തിലേക്ക് മാറ്റി.ഇന്ന് ആ പാര്‍ട്ടി നിലവില്‍ ഇല്ല പക്ഷെ എല്ലായിടതും ഈ പതാകകള്‍ പാറിക്കളിക്കുന്നു.
എന്താണ് ഈ മഞ്ഞയും ചുവപ്പിന്റെയും അര്‍ഥം ?
കർണാടകയിലെ ഹിന്ദു ഭവനങ്ങളിൽ ഒരു സ്ത്രീ വരികയാണെങ്കിൽ, പ്രത്യേകിച്ച് ഉൽസവകാലത്ത് അവരെ സ്വീകരിക്കുന്നത് അർശന – കുങ്കുമം ചാർത്തിക്കൊണ്ടാണ്.അർശന എന്നാൽ മഞ്ഞർ പൊടി ,കുങ്കുമം എന്നതിന് പ്രത്യേക വിശദീകരണം ആവശ്യമില്ലല്ലോ.
അതിഥിയായി വന്ന സ്ത്രീയെ വീട്ടിലുള്ള മുതിർന്ന സ്ത്രീകൾ ഒരു തട്ടിൽ കുങ്കുമവും മഞ്ഞൾ പൊടിയുമായി സമീപിക്കുന്നു ,നെറ്റിയിൽ കുങ്കുമം ചാർത്തുന്നു / സീമന്തരേഖയിലും കവിളിൽ ചെവിക്ക് സമീപമായി മഞ്ഞൾ പൊടി ചാർത്തുന്നു ഇതാണ് ചടങ്ങ്. ഈ അർശന കുങ്കുമത്തെ പ്രതിനിധീകരിച്ചിരിക്കുകയാണ് കർണാടക പതാകയിൽ ചുവപ്പും മഞ്ഞയും.
കന്നഡ ഭാഷ സംസ്കാരം എന്നിവയെ ഉയര്‍ത്തിക്കാണിക്കുകയും അതിനോട് ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുന്നു എന്ന് കാണിക്കാന്‍ ആണ് സാധാരണയായി ഈ പതാക ഉയര്‍ത്തുന്നത്.
കന്നഡ രാജ്യോത്സവ ദിനത്തില്‍,കന്നഡ സംസ്ഥാനം രൂപീകൃതമായ ദിവസം (നവംബര്‍-1 ,ഭാഷ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ വിഭജിച്ചപ്പോള്‍ കര്‍ണാടക,തമിഴ്നാട്,കേരള എല്ലാം ഇതേ ദിവസം ആണ് ജന്മം കൊണ്ടത്),എല്ലാ കെട്ടിടങ്ങളിലും സ്കൂളുകളിലും ഈ പതാക ഉയര്‍ത്തുന്നതു ഒരു സ്ഥിരം ചടങ്ങ് ആയി മാറിയിട്ടുണ്ട് ഇപ്പോള്‍.
എന്ന് പറഞ്ഞാല്‍ ഒരു അനൌദ്യോഗിക -ഔദ്യോഗിക പതാകയാണ് എന്ന് അര്‍ഥം,1998 ല്‍ കന്നഡ അനുകൂല സംഘടനകള്‍ ഈ പതാകയെ സംസ്ഥാന പതാകയായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടു എന്നാല്‍ നിയമ വകുപ്പിന് അത് പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ല എന്നാ സത്യം മനസ്സിലായി ,ഒരു സംസ്ഥാനത്തിനും പ്രത്യേക പതാകകള്‍ എന്നത് രാജ്യത്തിന്റെ ഏകതയെ തന്നെ ബാധിക്കുന്ന വിഷയമാണല്ലോ.
2009 ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബി എസ് യെദിയൂരപ്പ ,കന്നഡ അനുകൂല സംഘടനകളുടെ നിര്‍ബന്ധത്തിനു വഴങ്ങി കന്നഡ പതാക സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുകളില്‍ ഉയര്‍ത്താന്‍ പാടില്ല എന്നാ നിയമം എടുത്തു കളഞ്ഞു,പിന്നീട് വന്ന മുഖ്യമന്ത്രി ഡി വി സദാനന്ദ ഗൌഡ 2012 ലെ തന്റെ ബാഡ്ജറ്റ് പ്രസംഗത്തില്‍ കന്നഡ രാജ്യോത്സവ ദിവസം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്കൂളുകള്‍ കോളേജുകള്‍ എന്നിവയുടെ മുന്നില്‍ നിര്‍ബന്ധമായും ഉയര്‍ത്തണം എന്ന് പ്രഖ്യാപിച്ചു.ഈ വിഷയം ഹൈകോടതിയുടെ പരിധിയില്‍ വന്നു ഇന്ത്യയുടെ ദേശീയ പതാക അല്ലാത്ത ഒന്ന് സര്‍ക്കാര്‍ സ്ഥാപങ്ങള്‍ക്ക് മുകളില്‍ ഉയര്‍ത്തുന്നതിനു അനുമതിയുണ്ടോ എന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആരാഞ്ഞു.
കന്നഡ സൂപ്പര്‍ താരം രാജകുമാര്‍ തന്റെ പല സിനിമകളിലും ഗാന രംഗത്തില്‍ ഈ പതാക ഉപയോഗിച്ചത് കൊണ്ടാണ് ഈ പതാക ഇത്രയും പ്രശസ്തമായത്.രാജകുമാറിന്റെ പ്രശസ്തമായ സിനിമയാണ് ‘ആകസ്മിക’,അതിലെ പ്രശസ്തമായ ഗാനം കേട്ടിട്ടില്ലേ .”ഹുട്ടിതരെ കന്നഡ നാടല്ലുട്ട ബെക്കു “(ജനിക്കുകയാണെങ്കില്‍ കന്നഡ നാട്ടില്‍ ജനിക്കണം),ഈ ഗാന രംഗത്ത് എല്ലായിടത്തും കന്നഡ പതാക ഉപയോഗിച്ചിരിക്കുന്നു.
കര്‍ണാടകയു മായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളുടെയും ലോഗോ നിര്‍മിക്കുമ്പോള്‍ ഈ രണ്ടു നിറങ്ങള്‍ നല്കാന് അവര്‍ ശ്രദ്ധ ചെലുത്തും ,നമ്മുടെ ഏഷ്യാനെറ്റ് കര്‍ണാടകയില്‍ വന്നപ്പോള്‍ നിറം മാറിയത് ശ്രദ്ധിച്ചു കാണും ,പിന്നീടു പുതുക്കിയ സ്റ്റാര്‍ ലോഗോയിലും ഈ നിറങ്ങള്‍ കാണാം.ഇനി ഞങ്ങളുടെ ലോഗോയും ഒന്ന് നോക്കൂ.
നിര്‍ത്തുന്നതിനു മുന്‍പ് : ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ സംസ്ഥാന സ്നേഹം ഭാഷ സ്നേഹം എന്നിവ ഉള്ളവര്‍ തമിഴ് നാട്ടുകാര്‍ ആണ് ,തെലുങ്കാന വരുന്നതിനു മുന്‍പ്.അതിനു ശേഷമേ കര്‍ണാടക വരുന്നുള്ളൂ ,പക്ഷെ ഏതെങ്കിലും പ്രസംഗത്തിന് ശേഷം “ജയ് ഹിന്ദ്” എന്ന് നമ്മള് പറയും ,പക്ഷെ കര്‍ണാടകയില്‍ ജയ് കര്‍ണാടക എന്ന് കൂടി പറഞ്ഞേക്കണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.