മൈസൂരു: കർണാടകയിൽ ഗൗരി-ഗണേശ ഉത്സവത്തിന് 2 ദിവസം മാത്രം ബാക്കി നിൽക്കെ ആഘോഷങ്ങളുടെ തിരക്കിലാണ് ടി റഹ്മാൻ. ഗണേശ ഉത്സവ ആഘോഷങ്ങളുടെ ഭാഗമായി ഒരു പുത്തൻ ഗണപതി ക്ഷേത്രമാണ് റഹ്മാൻ പണിയുന്നത്. മൈസൂരിലെ ചാമരാജ് നഗർ ജില്ലാ ആസ്ഥാനത്തുനിന്നും 14 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലാണ് സംഭവം.
ജലസേചന വകുപ്പിലെ ജീവനക്കാരനായിരുന്നു റഹ്മാൻ. കഴിഞ്ഞ വർഷം ചിക്കഹോൾ ജലസംഭരണി പ്രദേശത്തുനിന്നും ഗണപതി വിഗ്രഹം കള്ളമാർ മോഷ്ടിച്ചിരുന്നു. അത് തന്നെ ഏറെ അസ്വസ്ഥനാക്കി. അന്ന് മുതൽ ഒരു ഗണപതി ക്ഷേത്രം പണിയണമെന്ന അതിയായ ആഗ്രഹം തനിക്കുണ്ടായിരുന്നുവെന്ന് റഹ്മാൻ പറയുന്നു.
ഇസ്ലാം മതവിശ്വാസിയായ റഹ്മാൻ ഹിന്ദുമത വിശ്വാസികൾക്കായി അമ്പലം പണിയുന്നത് ഏറെ ആകാംക്ഷയോടെയാണ് ആളുകൾ നോക്കി കാണുന്നത്. വ്യത്യസ്ത മതങ്ങളെ പരസ്പരം വിലവെയ്ക്കാത്ത ഇന്നത്തെ സമൂഹത്തിൽ അന്യമതക്കാരനായ ഒരു വ്യക്തി അമ്പലം പണിയുകയാണ്. ഇതാണ് ഭാരതത്തിന്റെ യഥാർഥ സംസ്ക്കാരം. ഗണേശോത്സവത്തിന് മുന്നോടിയായി അമ്പലം തുറക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹം- ചിക്കഹോൾ സ്വദേശി രാകേഷ് ഗൗഡ പറയുന്നു.
ക്ഷേത്രത്തിലേക്കുള്ള ഗണപതി വിഗ്രഹം തമിഴ്നാട്ടിൽ നിന്നുമാണ് കൊണ്ടുവന്നത്. എന്നാൽ ഗണേശോത്സവ ദിവസം ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്താൻ കഴിയില്ലെന്ന് റഹ്മാൻ പറഞ്ഞു. ഹിന്ദുമത ആചാരപ്രകാരം പ്രതിഷ്ഠയ്ക്ക് മുമ്പ് ആറ് ദിവസം വെള്ളത്തിലും നെല്ലിലും വിഗ്രഹം സൂക്ഷിക്കണം. അതുകൊണ്ടുതന്നെ ഇത്തവണത്തെ ഗണേശോത്സവത്തിന് ക്ഷേത്രം തുറക്കാൻ കഴിയില്ല റഹ്മാൻ കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.