പ്രളയത്തിന് കാരണം വൈദ്യുതി വകുപ്പിന്റെ വീഴ്ച ?പിണറായി സർക്കാർ പ്രതിക്കൂട്ടിൽ.

പത്തനംതിട്ട: സംസ്ഥാനത്തെ വിഴുങ്ങിയ മഹാ പ്രളയത്തിന് കാരണം പിണറായി സർക്കാരിന്‍റെ ഡാം മാനേജ്മെന്‍റിലെ പാളിച്ചയെന്ന സംശയം ബലപ്പെടുന്നു. ഇടുക്കി പദ്ധതിയുടേതടക്കം ജലനിരപ്പ് താഴ്ത്തണമെന്ന് ദിവസങ്ങൾക്ക് മുന്‍പേ തന്നെ ആവശ്യമുയർന്നിട്ടും പരാമാവധി വെളളം  സംഭരിക്കാനുളള വൈദ്യുതി വകുപ്പിന്‍റെ അത്യാർത്തിയാണ്  കൊടുംവിപത്തിന് വഴിവെച്ചതെന്നാണ് ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം.

വൈദ്യുതി ഉത്പാദിപ്പിക്കാനായി ഡാമുകളില്‍ പരമാവധി വെള്ളം ശേഖരിച്ചു വയ്ക്കുക എന്ന നിലപാടാണ് കെഎസ്ഇബി സ്വീകരിച്ചത്.എന്നാല്‍ അടുപ്പിച്ച് മൂന്ന് ദിവസം മഴപെയ്തതോടെ മൂന്ന് ഡാമുകള്‍ ഒരുമിച്ചു തുറന്നുവിടേണ്ട സ്ഥിതി വന്നു. ട്രയല്‍ റണ്‍ നടത്താന്‍ പോലും തയ്യാറാവാതിരുന്നതോടെ എല്ലാ അതിരുകളും തകര്‍ത്തു കൊണ്ട് പുഴ ഒഴുകുന്ന സ്ഥിതി വന്നു.

ഇടുക്കി ഡാം തുറക്കുന്നതിന് മണിക്കൂറുകൾക്കുമുന്പ് ഇക്കഴി‌ഞ്ഞ 9ന് ജലനിരപ്പ് 2399ൽ എത്തിയപ്പോൾ അന്നാട്ടുകാരൻ തന്നെയായ വൈദ്യുത മന്ത്രി എം എം മണി പറഞ്ഞത് പരമാവധി വെള്ളം പിടിച്ചു നിര്‍ത്തി വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശ്രമിക്കുമെന്നായിരുന്നു. എന്നാല്‍ പറഞ്ഞ് നാവടക്കും മുന്പ്  ഇടുക്കി ഡാമിന്‍റെ ആദ്യ ഷട്ടർ തുറക്കേണ്ടി വന്നു. പക്ഷേ ഏതാനം ദിവസം മുന്പ്  ജലനിരപ്പ് 2395 ൽ എത്തിയപ്പോൾ ട്രയൽ റൺ നടത്തണമെന്ന് പ്രദേശവാസികളടക്കം ആവശ്യപ്പെട്ടതാണ്. പക്ഷേ  ജനങ്ങളുടെ സുരക്ഷക്കല്ല  ഒറ്റത്തുളളി വെളളം കളയാതിരിക്കാനായിരുന്നു കെ എസ് ഇ ബിയുടെ നെട്ടോട്ടം.

ഇടുക്കി തുറന്ന 9ന് പുലർച്ചേതന്നെ ഇടമലയാറും തുറന്നു. ഇടയ്ക്ക് മഴയൊന്നു കുറഞ്ഞപ്പോൾ ഷട്ടർ കുറച്ചൊന്നു താഴ്ത്തി. പക്ഷെ  13ന് ശേഷം കനത്ത മഴ പെയ്തതോടെ സെക്കന്‍റിൽ  15 ലക്ഷം ലീറ്റർ വെളളം ഇടുക്കിയിൽ നിന്ന് പുറത്തേക്ക് ഒഴുക്കി.മുല്ലപ്പെരിയാറും കൂടി ഒഴുകിയെത്തിതോടെ കാര്യങ്ങൾ കൈവിട്ടു. ഇതേസമയംതന്നെ  ഇടമലയാറിലും ഷട്ടറുകൾ കൂടുതൽ ഉയർത്തിയതോടെ  പെരിയാ‍ർ കരകവിഞ്ഞു. ഇടുക്കി, ഇടമലയാർ ‍‍‍‍ഡാമുകളുടെ ഷട്ടറുകൾ ഒന്നിച്ചു തുറന്നതും ഇരു ഡാമുകളിലേയും ജലനിരപ്പ് പ്രായോഗിക ബുദ്ധിയോടെ  വരുതിയിലാക്കാനാക്കാതെ പോയതുമാണ് പെരിയാറിന്‍റെ കരകളെ  പ്രളയത്തിൽ മുക്കിയത്

ഇടുക്കിയിൽ മാത്രമല്ല വയനാട്ടിലെ ബാണാസുര സാഗറിലും പന്പയിലെ ശബരിഗിരി പദ്ധതിയിലും ഈ കെടുകാര്യസ്ഥത ആവർത്തിച്ചു. പൊതുജനത്തിന് മുന്നറിപ്പ് പോലും നൽകാതെ ബാണാസുര സാഗർ തുറന്നതോടെ എഴ് പ‍ഞ്ചായത്തുകളാണ് ഒറ്റരാത്രികൊണ്ട് മുങ്ങിപ്പോയത്. ശബരിഗിരി പദ്ധതിയിലെ മൂന്നു ഡാമുകളുടെ  ഷട്ടറുകൾ ഒന്നിച്ച് തുറന്നതോടെ ഒരിക്കലും വെളളപ്പൊക്കമുണ്ടാകാത്ത ആറൻമുളയും റാന്നിയും ചെങ്ങന്നൂരുമടക്കം മുങ്ങിപ്പോയി.

തുലാവർഷവും കൂടി ശേഷിക്കേയാണ്  ഇടുക്കിയടക്കം ഡാമുകളിലെ ജലനിരപ്പ് പരമാവധിയിലെത്തിയത്. ഇതു തിരിച്ചറിഞ്ഞ് പ്രായോഗിക ബുദ്ധിയോടെ ജലനിരപ്പ് നേരത്തെ തന്നെ നിയന്ത്രിച്ചിരുന്നെങ്കിൽ മഹാപ്രളയം കേരളത്തെ വിഴുങ്ങില്ലായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us