കടലമ്മ കനിഞ്ഞു; ഒരു മീനിന് കിട്ടിയത് അഞ്ചര ലക്ഷം രൂപ

മുംബൈ: മീൻ പിടിക്കാൻ കടലിൽ പോകുമ്പോൾ മഹേഷ് മെഹറും സഹോദരൻ ഭരതും ഒരിക്കലും ഇത്രമാത്രം കരുതിയിരിക്കില്ല, തങ്ങള്‍ക്കുവേണ്ടി ഇത്രമാത്രം വലിയൊരു ഭാഗ്യമാണ് കടലമ്മ കരുതിവച്ചിരിക്കുന്നത് എന്ന്.

കടലിൽ മീൻ പിടിക്കാൻ പോയ ഇവരുടെ വലയില്‍ കുടുങ്ങിയ പ്രത്യേക തരം മീനാണ് ഇവരെ നിമിഷങ്ങള്‍ക്കകം ലക്ഷാധിപതികളാക്കിയത്. ഈ സഹോദരങ്ങള്‍ക്ക്‌ കിട്ടിയത് ഘോൽ എന്നറിയപ്പെടുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന മീനാണ്‌.

സഹോദരങ്ങൾക്ക് ഘോൽ മത്സ്യം ലഭിച്ചെന്ന വാർത്ത പരന്നതോടെ തീരത്ത് വ്യാപാരികൾ ലക്ഷങ്ങളുമായാണ് ഇവരെ കാത്തുനിന്നത്. തുടർന്ന് നടന്ന ലേലത്തിനൊടുവിൽ മീൻ വിറ്റു പോയത് 5.5 ലക്ഷം രൂപയ്ക്ക്. 30 കിലോ മാത്രമുള്ള മീനു ലഭിച്ച വിലയാണിത്. ഇരുപത് മിനിട്ട് മാത്രം നീണ്ടു നിന്ന ലേലം വിളിയിൽ പ്രമുഖ മത്സ്യ കയറ്റുമതിക്കാരിലൊരാളാണ് മീൻ വാങ്ങിയത്.

ഘോൽ എന്നറിയപ്പെടുന്ന ഈ മീനിന് വളരെയധികം ഔഷധ ഗുണമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇതിന്‍റെ ഹൃദയ൦ സമുദ്രത്തിലെ സ്വർണം എന്നാണ് അറിയപ്പെടുന്നത്. കിഴക്കന്‍ ഏഷ്യയില്‍ ഘോൽ മത്സ്യത്തില്‍നിന്നും ധാരാളംമരുന്നുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.

ഘോൽ മത്സ്യത്തിന്‍റെ തൊലിയില്‍ ധാരാളം കൊലാജൻ അടങ്ങിയിട്ടുണ്ട്. വിലകൂടിയ സൗന്ദര്യ വര്‍ദ്ധന ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള അത്യാവശ്യ ഘടകമാണ് ഇത്. ഘോൽ മത്സ്യത്തിന്‍റെ എല്ലാ ശരീരഭാഗങ്ങളും വളരെയേറെ ഉപയോഗമുള്ളതാണ്. ഇന്ന് സര്‍ജറികളിലും ഈ മത്സ്യത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ഇന്ന് സര്‍ജറിയില്‍ ഉപയോഗിക്കുന്നത് ശരീരത്തിലേയ്ക്ക് ലയിച്ചു ചേരുന്ന നൂലാണ്. ഈ നൂല്‍ ഉത്പാദിപ്പിക്കുന്നത് ഘോൽ മത്സ്യത്തിന്‍റെ ചിറകുകള്‍ ഉപയോഗിച്ചാണ്‌.

ഇത്തരം മീനുകൾ സാധാരണ കയറ്റി അയക്കപ്പെടുന്നത് സിംഗപ്പൂർ മലേഷ്യ ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളിലേക്കാണെന്ന് വ്യാപാരികൾ പറയുന്നു. ഇത്തരം മത്സ്യത്തിന്‍റെ ഏറ്റവും കുറഞ്ഞ വില തന്നെ 8,000 മുതല്‍ 10,000 വരെയാണ് എന്ന് വ്യാപാരികള്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us