കലൈഞ്ജറുടെ നില അതീവ ഗുരുതരമായി തുടരുന്നു;മരുന്നുകളോട് പ്രതികരിക്കുന്നില്ല.

ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുന്നു. പ്രധാന അവയവങ്ങളുടെ പ്രവർത്തനം തകരാറിലാണ്. തീവ്ര പരിചരണവിഭാഗത്തിൽ ചികിൽസ തുടരുന്നുണ്ടെങ്കിലും പ്രായാധിക്യം കാരണം മരുന്നുകളോടുള്ള പ്രതികരണം ആശാവഹമല്ലെന്ന് കാവേരി ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുളളറ്റിനിൽ പറയുന്നു. 24 മണിക്കൂർ നിരീക്ഷണത്തിനു ശേഷമേ എന്തെങ്കിലും പറയാനാകൂവെന്നാണ് തിങ്കളാഴ്ച വൈകിട്ട് 6.30 ന് പുറത്തിറക്കിയ ബുള്ളറ്റിൻ വിശദീകരിക്കുന്നത്.

തീവ്രപരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണു കരുണാനിധി. ആശുപത്രിയിൽ കഴിയുന്ന കരുണാനിധിയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയെന്നു കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച വൈകിട്ട് അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നു കാട്ടി മെഡിക്കൽ ബുളളറ്റിൻ പുറത്തുവന്നത്. ആശുപത്രി പരിസരത്തേക്കു പ്രവർത്തകർ തള്ളിക്കയറിയതോടെ സുരക്ഷ ശക്തമാക്കി. അറുന്നൂറോളം പൊലീസുകാരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്.

രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ‌ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ചലച്ചിത്രതാരങ്ങളായ രജനീകാന്ത്, കമൽഹാസൻ, വിജയ് തുടങ്ങിയവർ അദ്ദേഹത്തെ കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. തിങ്കളാഴ്ച വൈകിട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും ആശുപത്രിയിൽ സന്ദർശനം നടത്തി.

തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ആശുപത്രിയിലെത്തിയ തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.തിരുനാവുക്കരശാണ് കരുണാനിധിയുടെ നില വീണ്ടും വഷളായെന്ന സൂചന നൽകിയത്. ഇതോടെ ആശുപത്രിപരിസരം ഡിഎംകെ പ്രവർത്തകരെ കൊണ്ടു നിറഞ്ഞു. കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളും ആശുപത്രിയിലെത്തി. ജൂലൈ 29 ന് കരുണാനിധി ആശുപത്രിയിലായ ശേഷം ഇതാദ്യമായാണ് ദയാലു അമ്മാൾ അദ്ദേഹത്തെ സന്ദർശിക്കാനെത്തിയത്. മകൻ എം.കെ. തമിഴരശിന്റെ സഹായത്തോടെ വീൽചെയറിലായിരുന്നു ദയാലു അമ്മാളുടെ സന്ദർശനം.

വൈകിട്ട് ആശുപത്രി കവാടത്തിൽ നൂറുകണക്കിനു പ്രവർത്തകർ എത്തിയതോടെ ടിടികെ റോഡിൽ ഗതാഗതതടസവുമുണ്ടായി. എഴുന്തുവാ തലൈവാ, പോലാം പോലാം അറിവാലയം പോലാം…ഗോപാലപുരം പോലാം … എന്നു വിളിച്ചാണ് രാത്രി വൈകി പ്രവർത്തകർ ആശുപത്രി പരിസരത്ത് അണിചേർന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us