പ്ലാസ്റ്റിക്‌ കവറുമായി വഴിനടക്കുന്നവരെയും വേട്ടയാടാന്‍ തയ്യാറായി ബിബിഎംപി.

ബെംഗളൂരു: പ്ലാസ്റ്റിക് കവറുകൾ വിൽക്കുന്ന കച്ചവടക്കാർക്കുമാത്രമല്ല, ഇനി പ്ലാസ്റ്റിക് കവറുമായി വഴിയൂടെ നടന്നുപോകുന്നവർക്കും പിടിവീഴും. 500 രൂപ പിഴയടയ്ക്കേണ്ടിയും വരും. പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കുന്നവർക്കെതിരേയും ശക്തമായ നടപടിയെടുക്കാനൊരുങ്ങുകയാണ് ബെംഗളൂരു കോർപ്പറേഷൻ.

പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കുന്നവർക്ക് പിഴയിടാൻ ക്യാമറ ഘടിപ്പിച്ച അത്യാധുനിക ഉപകരണങ്ങളും ബെംഗളൂരു കോർപ്പറേഷൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യും.

2015-ൽ 40 മൈക്രോൺവരെയുള്ള പ്ലാസ്റ്റിക് കവറുകളാണ് നിരോധിച്ചിരുന്നത്. പിന്നീട് 2016-ൽ എല്ലാ തരത്തിലുമുള്ള പ്ലാസ്റ്റിക് കവറുകളും നിരോധിച്ചു. ബെംഗളൂരുവാണ് പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിൽ ഏറ്റവും ദുരിതമനുഭവിക്കുന്ന നഗരം. സംസ്ഥാനത്തെ മറ്റു സ്ഥലങ്ങളിലേക്ക് പ്ലാസ്റ്റിക് കയറ്റിവിടുന്നതും ബെംഗളൂരു കേന്ദ്രീകരിച്ചാണ്.

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് കവർ നിർമാണക്കമ്പനികളെല്ലാം അടച്ചുപൂട്ടിയെങ്കിലും മറ്റുസംസ്ഥാനങ്ങളിൽ നിന്നാണ് ഇവ ബെംഗളൂരുവിലെത്തുന്നത്. പ്ലാസ്റ്റിക് നിരോധനം അട്ടിമറിക്കുന്നവർക്കെതിരേ കർശന നിയമനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി നിയമലംഘനം നടത്തിയ 16 കടകളുടെ ലൈസൻസ് കോർപ്പറേഷൻ കഴിഞ്ഞദിവസം റദ്ദുചെയ്തിരുന്നു.

എന്നാൽ സാധനങ്ങൾ വാങ്ങുമ്പോൾ പ്ലാസ്റ്റിക് കവറുകൾ ഉപഭോക്താക്കൾ ആവശ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇവയുടെ ഉപയോഗത്തിന് പിഴ ചുമത്താൻ തീരുമാനിച്ചത്. അതത് പ്രദേശത്തെ ഹെൽത്ത് ഇൻസ്പെക്ടർമാർക്കാണ് നടപടികളെടുക്കാനുള്ള ചുമതല. ക്യാമറയും ജി.പി.എസ്. സംവിധാനവുമുള്ള, കൈയിൽ കൊണ്ടുനടക്കാൻ കഴിയുന്ന ഉപകരണമാണ് പിഴ ചുമത്താൻ ഉപയോഗിക്കുന്നത്. കവറുമായി നടന്നു നീങ്ങുന്നവരുടെ ചിത്രം ഈ ഉപകരണം പകർത്തും. തുടർന്ന് പ്രിന്റ് ചെയ്യുന്ന ബില്ലും ഈ ചിത്രവും അടക്കമായിരിക്കും പ്ലാസ്റ്റിക് കവർ കൈവശം വെക്കുന്നവർക്ക് നൽകുക. സമയം, സ്ഥലം, നടപടിയെടുത്ത ഉദ്യോഗസ്ഥന്റെ പേര് തുടങ്ങിയവയെല്ലാം ഈ ബില്ലിലുണ്ടാകും.

പ്ലാസ്റ്റിക് കവറുകൾ കൈവശം വെക്കുന്നത് ആവർത്തിച്ചാൽ 1000 രൂപയാണ് പിഴ ഈടാക്കുക. പിഴയീടാക്കുന്ന ഉപകരണം പരസ്പരം ബന്ധിച്ച് കോർപ്പറേഷനിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിരീക്ഷിക്കാനും കഴിയും. പ്ലാസ്റ്റിക് പ്ലേറ്റുകൾ, കപ്പുകൾ എന്നിവയ്ക്കും പിഴ ബാധകമായിരിക്കും.

പ്ലാസ്റ്റിക് കവർ: പിഴ ഇങ്ങനെ

ഉത്‌പാദനം പിഴ രണ്ടുലക്ഷം ആവർത്തിച്ചാൽ അഞ്ചുലക്ഷം

സംഭരണം ഒരുലക്ഷം രണ്ടുലക്ഷം

വിൽപ്പന 50,000 ഒരുലക്ഷം

വാണിജ്യ ഉപയോഗം 25,000 രണ്ടുലക്ഷം

സ്വകാര്യ ഉപയോഗം 500 1000

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us