ബെംഗളൂരു: മഴ കനത്തതോടെ നഗരത്തിൽ യാത്ര ദുഷ്‌കരമായി. പല റോഡുകളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വവും നവീകരണത്തെ ബാധിച്ചു. മഴക്കാലത്തിനുമുമ്പ് അഴുക്കുചാലുകളുടെ നവീകരണം പൂർത്തിയായില്ല. പലയിടത്തും ഇപ്പോഴാണ് നവീകരണം നടക്കുന്നത്.
ചെറിയ മഴപെയ്താൽ റോഡുകൾ വെള്ളത്തിനടിയിലാകും. ഇതോടെ ഗതാഗതക്കുരുക്കും വൈദ്യുതി തടസ്സപ്പെടുന്നതും പതിവായി. മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
അഴുക്കുചാലുകൾ പൊട്ടി മലിനജലം റോഡിലേക്ക് ഒഴുകുന്നതും പതിവാണ്. അഴുക്കുചാലുകൾ ഇല്ലാത്തതാണ് വെള്ളക്കെട്ടിനുള്ള പ്രധാനകാരണം. അഴുക്കുചാലുകൾ നവീകരിക്കുന്നതിലും വീഴ്‌ചയുണ്ടായി. നഗരത്തിന്റെ പല ഭാഗങ്ങളിലും അഴക്കുചാലുകളുടെ നവീകരണം പാതിയായ നിലയിലാണ്. അഴുക്കു ചാലുകളിൽനിന്ന് വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നതും പതിവാണ്. ഇത് പകർച്ചവ്യധിക്കും ഇടയാക്കാറുണ്ട്.
നഗരത്തിൽ 224 കേന്ദ്രങ്ങളിലാണ് അഴുക്കുചാലുകൾ ഉള്ളത്. ഇതിൽ പലതും മണ്ണുമൂടിയ നിലയിലാണ്. അഴക്കുചാലിലൂടെ വെള്ളം ഒഴുകിപ്പോകാത്തതാണ് വെള്ളക്കെട്ടിന് കാരണം. വൃക്ഷഭാവതി, ഹെബ്ബാൾ, കോറമംഗല എന്നിവിടങ്ങളിലെ താഴ്‌വാരങ്ങളിലേക്കാണ് അഴുക്കു ചാലിൽനിന്നുള്ള വെള്ളം പുറംതള്ളുന്നത്. ദിവസേന 1000 മില്യൺ ലിറ്റർ മലിനജലമാണ് അഴുക്കുചാൽ വഴി ഒഴുകിയെത്തുന്നത്.
നഗരത്തിൽ നിർമാണപ്രവർത്തനങ്ങൾ വർധിച്ചതോടെ മഴവെള്ളം കെട്ടിനിർത്താൻ കഴിയാത്ത അവസ്ഥയാണ്. കൂടുതൽ അഴുക്കുചാലുകൾ ആവശ്യമാണെങ്കിലും വർഷങ്ങൾ മുമ്പുള്ള ചാലുകൾ മാത്രമാണ് ഇപ്പോഴും ഉള്ളത്. ഇതിൽ പലതും മണ്ണുമൂടി അടഞ്ഞ നിലയിലാണ്. നിലവിലെ കണക്കനുസരിച്ച് നഗരത്തിലെ അഴുക്കുചാലുകൾക്ക് മണിക്കൂറിൽ 45 മില്ലീമീറ്റർ വെള്ളം വഹിക്കാനുള്ള ശേഷിയാണുള്ളത്. ഇത് 100 മില്ലീമീറ്റർ ആക്കി ഉയർത്തണമെന്ന ആവശ്യം നടപ്പായിട്ടില്ല. അതിനാൽ ശക്തമായ മഴ ഒരുമണിക്കൂർ നീണ്ടുനിന്നാൽ നഗരം വെള്ളത്തിനടിയിലാകും. വർഷങ്ങൾക്കുമുമ്പ് നിർമിച്ച അഴുക്കുചാലുകളുടെ വീതികൂട്ടാനുള്ള നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. വീതി കുറഞ്ഞ അഴുക്കുചാലുകളിൽനിന്ന് വെള്ളം റോഡിലേക്ക് കുത്തിയൊലിക്കുന്ന കാഴ്ചകളാണ് മഴക്കാലത്തുണ്ടാകുന്നത്. ഇതോടൊപ്പം മാലിന്യം അഴുക്കുചാലുകളിലേക്ക് തള്ളുന്നതും പ്രശ്നം സങ്കീർണമാക്കുന്നു.
നഗരത്തിൽ പലയിടങ്ങളിലും മാലിന്യം അഴുക്കുചാൽ വഴി ഒഴുക്കിവിടാറാണ് പതിവ്. ഇത് മഴവെള്ളം കെട്ടിക്കിടക്കാനും ഇടയാക്കുന്നു. മുംബൈ, ചെന്നൈ അടക്കമുള്ള മഹാനഗരങ്ങളെപ്പോലെ ബെംഗളൂരുവും കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങുന്ന സാഹചര്യമാണുള്ളത്. അഴുക്കുചാൽ നവീകരിക്കാനും ഇതുവഴിയുള്ള മഴവെള്ളം ശേഖരിച്ച് ശുദ്ധീകരിക്കാനുമുള്ള ബൃഹദ് പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും നടപ്പായില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.