ന്യൂഡല്‍ഹി: 2019ല്‍ നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ട്
കോണ്‍ഗ്രസ്-സി.പി.എം ബന്ധത്തിന്റെ പ്രാധാന്യം മുഖ്യമന്ത്രി പിണറായിയെ ഓര്‍മ്മിപ്പിച്ച് എകെ ആന്റണി.
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഇന്നത്തെ പോക്ക് സര്‍വനാശത്തിലേക്കെന്ന് വ്യക്തമാക്കിയ മുന്‍മുഖ്യമന്ത്രി എ.കെ. ആന്റണി മൗലികാവകാശങ്ങള്‍ പോലും ചോദ്യം ചെയ്യപ്പെടുമ്പോള്‍ പാര്‍ട്ടികള്‍ക്ക് ഒറ്റക്കുനിന്ന് അതിനെ ചെറുക്കുക സാധ്യമല്ലെന്നും അഭിപ്രായപ്പെട്ടു. ഇന്ത്യയെ പഴയ ഇന്ത്യയാകാനായുള്ള പോംവഴി എല്ലാവരും ചേര്‍ന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ പത്രപ്രവര്ത്തകന് ടി.വി.ആര്. ഷേണായിയെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശന ചടങ്ങാലായിരുന്നു ആന്റണി ഇപ്രകാരം അഭിപ്രായപ്പെട്ടത്.
കോണ്‍ഗ്രസും സി.പി.എമ്മും ദേശീയതലത്തില്‍ ഒന്നിച്ചു നീങ്ങണമെന്നഭിപ്രായപ്പെട്ട മുന്‍ മുഖ്യമന്ത്രിയ്ക്ക് മറുപടി നല്‍കിയത് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയാണ്. പല രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കുമ്പോള്‍ പോലും സഹവര്‍ത്തിത്വം ഉയര്‍ത്തിപ്പിടിച്ച് ഒന്നിച്ചുനീങ്ങാന്‍ കഴിയുക എന്നതാണ് പ്രധാനമെന്ന് ബേബി പറഞ്ഞു.
അതേസമയം, നിലവിലെ ദേശീയ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍നിന്ന് മതനിരപേക്ഷതയിലും ജനസൗഹാര്‍ദത്തിലും ഊന്നിയ പൊതുമണ്ഡലം രൂപപ്പെട്ടു വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായപ്പെട്ടു.
വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഇടങ്ങള്‍ ചുരുങ്ങി. വിരുദ്ധാഭിപ്രായം പറയുന്നവരെ നിശ്ശബ്ദമാക്കുന്ന ചുറ്റുപാട് മാറണം. നിര്‍ഭയമായി സ്വന്തം ബോധ്യം സമൂഹത്തിനു മുന്പില് അവതരിപ്പിക്കാന്‍ പറ്റുന്ന സാഹചര്യം വീണ്ടെടുക്കാന്‍ കഴിയണമെന്നും പിണറായി ചൂണ്ടിക്കാട്ടി.
ടി.വി.ആര്. ഷേണായിയെക്കുറിച്ചുള്ള പുസ്തകത്തിന്റെ ആദ്യകോപ്പി എ.കെ. ആന്റണിക്ക് നല്കി പിണറായി വിജയന് പുസ്തകം പ്രകാശനം ചെയ്തു. കേരള മീഡിയ അക്കാദമിയാണ് പുസ്തകം പുറത്തിറക്കിയത്. ടി.വി.ആര്. ഷേണായിയുടെ ഭാര്യ സരോജ ഷേണായി, അക്കാദമി ചെയര്മാന് ആര്.എസ്. ബാബു, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, ഡി. വിജയമോഹന്, സുധീര്‍നാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.