ജമ്മു കശ്മീർ ഭരണ സഖ്യത്തിൽനിന്ന് ബിജെപി പിൻമാറി. പിഡിപി സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയാണെന്ന് ബിജെപി

ന്യൂഡൽഹി: ജമ്മു കശ്മീർ ഭരണ സഖ്യത്തിൽനിന്ന് ബിജെപി പിൻമാറി. പിഡിപി സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയാണെന്ന് ബിജെപി അറിയിച്ചു. ജമ്മു കശ്മീരിൽനിന്നുള്ള ബിജെപി എംഎൽഎമാരുടെ യോഗത്തിനുശേഷമാണു പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ അന്തിമ തീരുമാനം എടുത്തത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകൾക്കകമായിരുന്നു ഡൽഹിയിൽ എംഎൽഎമാരുടെ യോഗം നടന്നത്. തീരുമാനം വെളിപ്പെടുത്തി ബിജെപി നേതാവ് റാം മാധവിന്റെ വാർത്താസമ്മേളനം ഡൽഹിയിൽ തുടരുകയാണ്.

റമസാനോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ വെടിനിർത്തൽ റദ്ദാക്കിയ കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ പിഡിപി ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. മാത്രമല്ല, കശ്മീർ വിഷയം പരിഹരിക്കപ്പെടണമെങ്കിൽ കേന്ദ്രം വിഘടനവാദികളുമായി സംസാരിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി സ്വീകരിച്ചിരുന്നതും. ഇതും ഇരു പാർട്ടികൾക്കിടയിലെ വിടവ് വർധിപ്പിച്ചു.

‘ബിജെപിക്ക് ഇനി പിഡിപിയുമായുള്ള ബന്ധം തുടരാനാകില്ല. ഭീകരവാദവും അക്രമവും മറ്റും വളരെയധികം വർധിച്ചിരിക്കുന്നു. പൗരന്മാരുടെ അടിസ്ഥാനപരമായ അവകാശങ്ങൾ അപകടത്തിലാണ്. മാധ്യമപ്രവർത്തകനായ ഷുജാത്ത് ബുഖാരിയുടെ കൊലപാതകം ഇതിന് ഉദാഹരണമാണ്. ഇന്ത്യയുടെ ആകെയുള്ള സുരക്ഷയും അഖണ്ഡതയും പരിഗണിച്ചാണു തീരുമാനം. ജമ്മു കശ്മീർ എന്നത് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇതു നിലനിർത്താനും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനുമാണ് ഈ തീരുമാനം. സംസ്ഥാനത്തിന്റെ ഭരണം ഗവർണർക്കു കൈമാറും’ – റാം മാധവ് കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us