ബെംഗളൂരു: താമരശേരി ചുരം, മാക്കൂട്ടം ചുരം വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് ബസുകൾ അധിക ദൂരം ഓടിക്കുന്നതിന്റെ പേരിൽ നിരക്ക് വർധന പ്രഖ്യാപിച്ച് സ്വകാര്യ ബസ് ഉടമകൾ. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്, കണ്ണൂർ ജില്ലകളിലേക്കുള്ള സംസ്ഥാനാന്തര സർവീസുകൾക്ക് 50 രൂപ അധികം ഈടാക്കാനാണ് തീരുമാനമെന്ന് ബെംഗളൂരു-മലബാർ ബസ് ഓണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.കെ.ഫാറൂഖ്.
ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് 70 കിലോമീറ്റർ ദൂരവും കോഴിക്കോട്ടേക്ക് 45 കിലോമീറ്റർ ദൂരവും ബദൽ പാതകളിലൂടെ അധികം സഞ്ചരിക്കേണ്ട സാഹചര്യത്തിൽ നിരക്ക് വർധിപ്പിക്കാതെ കഴിയില്ല. പ്രതിദിനം 6000 രൂപ അധികമായി ഡീസൽ ചെലവ് മാത്രമായി വരുന്നുണ്ട്. ഡീസൽ വില അടിക്കടി ഉയരുമ്പോഴും നിരക്ക് വർധിപ്പിച്ചിരുന്നില്ല.മോശം റോഡുകളിലൂടെയുള്ള യാത്രമൂലം ബസുകളുടെ അറ്റകുറ്റപ്പണികൾ വർധിപ്പിച്ചു.
താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതോടെ എസി മൾട്ടി ആക്സിൽ ബസ് സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. വായ്പയെടുത്തും മറ്റും വാങ്ങിയ ബസ് ഓടാതെ കിടക്കുന്നത് കനത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നതെന്നും ഫാറൂഖ് പറഞ്ഞു. മലപ്പുറം, നിലമ്പൂർ, തിരൂർ, കോഴിക്കോട്, വടകര, നാദാപുരം, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലേക്കാണ് ബെംഗളൂരുവിൽ നിന്ന് സ്വകാര്യ ബസുകൾ കൂടുതലായി സർവീസ് നടത്തുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.