ബെംഗളൂരു : സർക്കാർ രൂപീകരിക്കാൻ ഒന്നിച്ചു നീങ്ങുമ്പോഴും രാജരാജേശ്വരി നഗർ, ജയനഗർ നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസും ജനതാദൾ – എസും കൈകോർക്കാൻ ധാരണയായിട്ടില്ലെന്ന് പിസിസി പ്രസിഡന്റ് ഡോ.ജി പരമേശ്വര വെളിപ്പെടുത്തി. രാജരാജേശ്വരി നഗറിൽ 28 നും ജയനഗറിൽ ജൂൺ 11 നുമാണ് വോട്ടടുപ്പ്.
രാജരാജേശ്വരി നഗറിൽ ഇരു കക്ഷികളുടെയും സ്ഥാനാർഥികൾ പ്രചാരണവുമായി ഏറെ മുന്നോട്ടു പോയ സാഹചര്യത്തിൽ തിരഞ്ഞെടുപ്പു ധാരണയെ കുറിച്ചുള്ള ചോദ്യം ഇപ്പോൾ ഉദിക്കുന്നില്ലെന്നും പരമേശ്വര വ്യക്തമാക്കി. ഈ മണ്ഡലങ്ങളിലെ സഖ്യത്തെ കുറിച്ച് ഇതുവരെ ആലോചിച്ചിട്ടേയില്ലെന്നു കുമാരസ്വാമിയും പറഞ്ഞു.
വെല്ലുവിളികൾ ഏറെയുള്ള, ദുർഘട പാതയാണ് മുന്നിലുള്ളതെന്നും, എന്നാൽ ബിജെപി അധികാരത്തിലേറുന്നതു തടയേണ്ടത് ആവശ്യമാണെന്നും കോൺഗ്രസ്- ദൾ സഖ്യമുണ്ടാക്കാനുള്ള കാരണം വിശദീകരിക്കവെ പരമേശ്വര പറഞ്ഞു. സഖ്യത്തിൽ എതിർപ്പുള്ളവരുടെ വികാരം മനസിലാക്കുന്നു. വർഗീയ ശക്തികളെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ ഇത് അനിവാര്യമായിരുന്നുവെന്നും മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമവാർഷികത്തോട നുബന്ധിച്ച് പിസിസി ആസ്ഥാനത്തു സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ അദ്ദേഹം വെളിപ്പെടുത്തി.
തിരഞ്ഞെടുപ്പു നടക്കുന്ന ഈ മണ്ഡലങ്ങൾ മൂന്നു പാർട്ടികൾക്കും നിർണായകമാണെന്നിരിക്കെ കോൺഗ്രസും ദളും തമ്മിൽ നീക്കുപോക്കുകൾക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. എങ്കിലും, നാളെ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്ക്കു ശേഷമേ ഇക്കാര്യം ചർച്ച ചെയ്യാനിടയുള്ളൂ. 2013 ൽ കോൺഗ്രസ് വിജയിച്ച രാജരാജേശ്വരി നഗറിൽ രണ്ടാം സ്ഥാനത്തെത്തിയത് ദൾ ആയിരുന്നു. ഇത്തവണ ആയിരക്കണക്കിന് വോട്ടർ തിരിച്ചറിയൽ കാർഡുകൾ ഒരു ഫ്ളാറ്റിൽ നിന്നു കണ്ടെത്തിയതിനെ തുടർന്നുള്ള വിവാദമാണ് വോട്ടെടുപ്പ് മാറ്റിവയ്ക്കാൻ ഇടയാക്കിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.