ബെംഗളൂരു: പ്രമുഖ ഖനി വ്യവസായിയും ബിജെപി നേതാവുമായ ജനാര്‍ദ്ദന റെഡ്ഢി പണം നല്കി കോണ്‍ഗ്രസ് എംഎല്‍എയെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി ആരോപണം. ജനാര്‍ദ്ദന റെഡ്ഢി പണം വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ കോണ്‍ഗ്രസ് പുറത്തു വിട്ടു.
പണം മാത്രമല്ല, സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്താണ് കോണ്‍ഗ്രസ് എംഎല്‍എയെ മറുകണ്ടം ചാടിക്കാന്‍ ശ്രമിച്ചതെന്നാണ് വിവരം. ഭയപ്പെടാന്‍ ഒന്നുമില്ലെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കാമെന്നും റെഡ്ഢി പറയുന്നു. അതിന് ശേഷം അടുത്തപടി സ്വീകരിക്കാമെന്നും ആഗ്രഹിക്കുന്ന പോസ്റ്റ് ലഭിക്കുമെന്നും റെഡ്ഢി പറയുന്നുണ്ട്.
തന്റെ ഓഫര്‍ സ്വീകരിച്ചിട്ടുള്ളവരൊക്കെ നേട്ടം കൊയ്തിട്ടുണ്ടെന്നും റെഡ്ഢി വ്യക്തമാക്കി. പാര്‍ട്ടിയില്‍ വിശ്വാസമുണ്ടെന്നും തന്നെ അര്‍ഹിക്കുന്ന രീതിയില്‍ പാര്‍ട്ടി പരിഗണിച്ചിട്ടുണ്ടെന്നും പറഞ്ഞ് കോണ്‍ഗ്രസ് എംഎല്‍എ ഓഫര്‍ നിരസിച്ചു.
നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ പലവിധ തന്ത്രങ്ങള്‍ പയറ്റുന്ന ബിജെപിയെ പ്രതിരോധത്തിലാക്കിക്കൊണ്ടാണ് കോണ്‍ഗ്രസ് ശബ്ദരേഖ പുറത്തു വിട്ടിരിക്കുന്നത്.
കേവല ഭൂരിപക്ഷം പോലും ഇല്ലാതിരുന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി നേതാവ് ബി.എസ് യെദ്യുരപ്പയെ ഗവര്‍ണര്‍ ക്ഷണിച്ചതോടെയാണ് രാഷ്ട്രീയ നാടകങ്ങള്‍ക്ക് കര്‍ണാടകയില്‍ തുടക്കം കുറിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം സഖ്യത്തിലായ കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കളെ അവഗണിച്ചായിരുന്നു ഈ നീക്കം. തുടര്‍ന്ന് യെദ്യുരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ഇത് ചോദ്യം ചെയ്ത് കോണ്‍ഗ്രസും ജെഡിഎസും സുപ്രീംകോടതിയെ സമീപിച്ചു.
ശനിയാഴ്ച നാലുമണിക്ക് വിശ്വാസവോട്ട് തേടി സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഇടക്കാല ഉത്തരവിലൂടെ കോടതി നിര്‍ദേശിച്ചു. പ്രോട്ടേം സ്പീക്കറുടെ നേതൃത്വത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താനാണ് നിര്‍ദേശം. രഹസ്യ ബാലറ്റ് വേണമെന്ന ബിജെപിയുടെ നിര്‍ദേശവും കോടതി തള്ളി.
ഇന്ന് 11 മണിക്ക് നിയമസഭയില്‍ നടപടികളാരംഭിക്കും. എംഎല്‍എമാരുടെ സത്യപ്രതിജ്ഞക്ക് ശേഷം നാലു മണിക്കാകും വിശ്വാസ വോട്ടെടുപ്പ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.