ബെംഗളൂരു ∙ വോട്ട് ചെയ്യാൻ പോയവരെ പണവും മദ്യവും സമ്മാനങ്ങളും നൽകി സ്വാധീനിക്കാൻ ശ്രമിച്ചതായും വ്യാപക പരാതി. മൂക്കുത്തികൾ നൽകി സ്ത്രീവോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതിനു കോലാർ റൂറൽ പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്തു. പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതിനു മാലൂരിലെ മസ്തിയിൽ ഒരാളെയും ബെംഗളൂരുവിലെ ശാന്തിനഗറിൽ രണ്ടുപേരെയും അറസ്റ്റ് ചെയ്തു. ഗ്രാമീണമേഖലകളിൽ വ്യാപകമായി പണവും മദ്യവും വിതരണം ചെയ്തതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. ബെംഗളൂരുവിൽ വോട്ട് ഒന്നിന് 500 രൂപ മുതൽ വിതരണം ചെയ്തതായി വിവിധ പാർട്ടികൾ ആരോപിക്കുന്നു.
മുഖ്യമന്ത്രി സിദ്ധരാമയ്യയും ബിജെപി സ്ഥാനാർഥി ബി.ശ്രീരാമുലുവും തമ്മിൽ കടുത്ത പോരാട്ടം നടന്ന ബാദാമിയിൽ കഴിഞ്ഞ രണ്ടാഴ്ചയായി പണമൊഴുക്കായിരുന്നുവെന്നു വോട്ടർമാരിലൊരാൾ പറയുന്നു. പിടിച്ചെടുത്തത് 91.58 കോടിയും 24.38 കോടിയുടെ മദ്യവും ഇന്നലെ വരെ 91.58 കോടി രൂപയും 24.83 കോടി രൂപയുടെ മദ്യവുമാണ് കർണാടകയിൽ പലയിടങ്ങളിൽ നിന്നായി പിടിച്ചെടുത്തത്. 44.28 കോടി രൂപയുടെ സ്വർണം, വെള്ളി ആഭരണങ്ങൾക്കു പുറമെ സാരികൾ, മുണ്ടുകൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ് സാധനങ്ങൾ തുടങ്ങി വോട്ടർമാരെ സ്വാധീനിക്കാൻ ശേഖരിച്ചു വച്ച 66 കോടി രൂപയുടെ സാധനങ്ങളും പിടിച്ചെടുത്തവയിൽപെടുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പിടിച്ചെടുത്തതിനേക്കാൾ എട്ടിരട്ടിയാണിത്. തിരഞ്ഞെടുപ്പിൽ തെറ്റായ പ്രവണത കൂടിവരുകയാണെന്നു കർണാടക മുൻ ലോകായുക്ത ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ പറഞ്ഞു. സാരികളും മദ്യവും മുണ്ടും കുക്കറുകളുമെല്ലാം പരസ്യമായാണ് നൽകുന്നത്. ഇതു നല്ല ജനാധിപത്യത്തിന്റെ സൂചനയല്ലെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞു. അശോക് ഖെനിയുടെ വീട്ടിൽ നിന്ന് മദ്യം പിടിച്ചു ഇതിനിടെ ബീദർ സൗത്തിലെ കോൺഗ്രസ് സ്ഥാനാർഥി അശോക് ഖെനിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ അനധികൃത മദ്യം പിടിച്ചെടുത്തു. ഇവയുടെ രേഖകൾ ഹാജരാക്കാൻ ഖെനിക്കു കഴിഞ്ഞിട്ടില്ലെന്നു ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ എ.ശ്രാവൺ പറഞ്ഞു. ഇവിടെ നിന്നു പ്രചാരണ സാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.