ബംഗളൂരു: നരേന്ദ്രമോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് എത്തിയതായിരുന്നു അദ്ദേഹം.
നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക നയങ്ങള്‍ വന്‍ ദുരന്തമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതുകൂടാതെ തിരുത്തല്‍ നടപടികള്‍ക്കു പകരം ഗൂഢാലോചനാ സിദ്ധാന്തങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നോട്ടു നിരോധനവും വേണ്ടത്ര ആലോചനയില്ലാതെ നടപ്പാക്കിയ ജി.എസ്.ടിയും കേന്ദ്ര സര്‍ക്കാറിന് പിണഞ്ഞ ഏറ്റവും വലിയ രണ്ട് അബദ്ധങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ രണ്ട് വിഢിത്തങ്ങള്‍ രാജ്യത്തെ സാമ്പത്തിക ഭദ്രതക്ക് കനത്ത നഷ്ടമുണ്ടാക്കി. അതുകൂടാതെ ചെറുകിട സംരംഭങ്ങളെയാണ് ഇത് കൂടുതല്‍ ബാധിച്ചതെന്നും പതിനായിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമാക്കുകയും ചെയ്തെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ അദ്ദേഹം മാധ്യമങ്ങേളോട് സംസാരിക്കവേ ആണ് ഇപ്രകാരം അഭിപ്രായപ്പെട്ടത്.
ഉയര്‍ന്ന നികുതി ചുമത്തി സര്‍ക്കാര്‍ ജനങ്ങളെ ശിക്ഷിക്കുകയാണ്. യു.പി.എ സര്‍ക്കാരിനെ അപേക്ഷിച്ച് എന്‍.ഡി.എ സര്‍ക്കാരിനു കീഴില്‍ ജി.ഡി.പി പകുതിയായി കുറഞ്ഞുവെന്ന് സിംഗ് ആരോപിച്ചു. ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി വളര്‍ത്തിയെടുത്തത് വര്‍ഷങ്ങളെടുത്താണ്. ഇപ്പോഴത് ഘട്ടം ഘട്ടമായി തകരുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കൂടാതെ രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തില്‍ പൊതുജനങ്ങള്‍ക്കുണ്ടായിരുന്ന വിശ്വാസം പൂര്‍ണ്ണമായും തകര്‍ക്കുകയാണ് മോദിയും കൂട്ടരും ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിരവധി സംസ്ഥാനങ്ങളിലെ എടിഎമ്മുകളില്‍ അനുഭവപ്പെടുന്ന നോട്ട് ക്ഷാമം മുന്‍കൂട്ടി തടയാനാവുന്നതായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യം താന്‍ വളരെ ശ്രദ്ധയോടും ഉത്തരവാദിത്തത്തോടെയുമാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ദാവോസില്‍ നരേന്ദ്ര മോദിയ്ക്കൊപ്പം നീരവ് മോദിയുമുണ്ടായിരുന്നു. ഏതാനും ദിവസത്തിനകം അയാള്‍ രാജ്യം വിട്ടു. ഇതാണ് മോദി സര്‍ക്കാരിന്റെ അത്ഭുതലോകത്തിലെ അവസ്ഥ. ധ്രുവീകരണത്തിനാണ് ശ്രമം നടക്കുന്നത്. ഇത് നല്ലതിനല്ല. പ്രധാനമന്ത്രി പദത്തിന് പോലും യോജിക്കാത്ത ഭാഷയാണ് മോദിയില്‍ നിന്ന് വരുന്നത്. ഒരു പ്രധാനമന്ത്രിയും ഇത്തരം ഭാഷ ഉപയോഗിച്ചിട്ടില്ല. ഇത് മോദിജി മനസ്സിലാക്കുമെന്ന് കരുതുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ കര്‍ണാടക തെരഞ്ഞെടുപ്പ് ആവേശത്തിലാണ്. മുഖ്യ എതിരാളികളായ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ദേശീയ നേതാക്കള്‍ പ്രചാരണത്തിനായി സംസ്ഥാനത്ത് എത്തിയിരിക്കുകയാണ്.
പ്രചാരണരംഗം ചൂടുപിടിച്ചിരിക്കുന്ന കര്‍ണാടകയില്‍ മൂന്നു പാര്‍ട്ടികളും ശക്തമായ പ്രചാരണത്തിലാണ്. എങ്കിലും ഏറ്റവും ശ്രദ്ധേയമായത് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വാക്പോരാണ് എന്നത് വാസ്തവം തന്നെ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.