തൃശൂര്‍: പൂരാവേശത്തിൽ മുങ്ങി തൃശൂർ നഗരം. ഇന്നാണ് പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം നടക്കുക.
ഇന്നലെ രാവിലെ പുരത്തിന്റെ ആചാരപരമായ ചടങ്ങുകള്‍ക്കു തുടക്കമിട്ട് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി കൊമ്പന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തെക്കേ ഗോപുരനട തള്ളിത്തുറന്നു. ഇതോടെ പൂരത്തിന് തുടക്കമായി. പൂരത്തിനു വരുന്ന ദേവീ ദേവന്മാരുടെ സുഗമ സഞ്ചാരത്തിനു വഴിയൊരുക്കാനാണ് ഭഗവതി എഴുന്നള്ളുന്നതെന്നാണു സങ്കല്പമാണ് ആചാരപരമായ ഈ ചടങ്ങിനു പിന്നില്‍. ഒരുകാലത്തു ചെറിയ ചടങ്ങായിരുന്ന ഇതിന് ഇപ്പോള്‍ പതിനായിരങ്ങളുടെ പങ്കാളിത്തമാണ്.
വർണങ്ങൾക്കും നാദങ്ങൾക്കും ഗന്ധങ്ങൾക്കും പൂരക്കാറ്റു പിടിച്ചുകഴിഞ്ഞു. രാവിലെ വെയിൽ മൂക്കുംമുമ്പ് കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലെത്തി മടങ്ങുന്നതോടെ ചെറൂപൂരങ്ങൾ ഒന്നൊന്നായി വടക്കുന്നാഥനിലേക്കെത്തും.
തിരുവമ്പാടിയുടെ മഠത്തിലേക്കുള്ള വരവും തുടർന്നു മഠത്തിൽനിന്നുള്ള വരവും പാറമേക്കാവിലമ്മയുടെ പൂരം പുറപ്പാടും തുടർന്നുള്ള ഇലഞ്ഞിത്തറ മേളവും അതിനു ശേഷമുള്ള പ്രസിദ്ധമായ തെക്കോട്ടിറക്കവും കൂടിക്കാഴ്ചയും കുടമാറ്റവും പൂരപ്രേമികളുടെ മനസു നിറയ്ക്കും. തിരുവമ്പാടിയുടെ മഠത്തിൽവരവിനു തിരുവമ്പാടി ചെറിയ ചന്ദ്രശേഖരൻ തിടമ്പേറ്റും.
വ്യാഴാഴ്ച പുലർച്ച വെടിക്കെട്ടും രാവിലെ ചെറുപൂരവും കഴിഞ്ഞ് ഉപചാരം ചൊല്ലിപിരിയുംവരെ പൂരപ്പെരുമഴ പെയ്യും. ആവേശം മനംനിറയ്ക്കാന്‍ ഒഴുകിയെത്തുന്ന ജനലക്ഷങ്ങളാണ് പൂരത്തെ ജനകീയമാക്കുന്നത്. ലോകത്തെ അതി മനോഹരദൃശ്യങ്ങളിലൊന്നായി യുനെസ്കോ രേഖപ്പെടുത്തിയ തൃശൂര്‍പൂരം ഒപ്പിയെടുക്കാന്‍ വിദേശ ചാനലുകളടക്കം സജ്ജമയിട്ടുണ്ട്. രണ്ടേകാല്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ശക്തന് തമ്പുരാന് തുടക്കമിട്ട ആചാരപ്പെരുമകളുടെ ഇഴയടുപ്പം ചോരാതെ ഇന്നും കാത്തുസൂക്ഷിക്കുന്നു എന്നതാണ് തൃശൂര്‍ പൂരത്തിന്റെ മഹിമ.
പൂരത്തിനായി 95 ഓളം കൊമ്പന്മാര് നഗരത്തിലെത്തി. കര്‍ശനസുരക്ഷയാണ് ഒരുക്കിയിട്ടുളളത്. ആനകള്‍ക്ക് വി.ഐ.പി പരിഗണനയാണ്. നഗരത്തിന്റെ മുക്കുംമൂലയുമടക്കം കാമറക്കണ്ണുകളിലാണ്. 3000 പോലീസ് ഉദ്യോഗസ്ഥരുടെ സേവനമാണ് ഇക്കുറി തൃശ്ശൂര്‍പൂരത്തിന് തയ്യാറാക്കിയിരിക്കുന്നത്. മാത്രമല്ല വനിതാ പോലീസിന്റെ സേവനം കൂടുതലായി വിനിയോഗിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖർ ഇന്ന് പൂരത്തിനെത്തും. മുഖ്യമന്ത്രിക്കു പുറമേ കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം, മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ, ഡിജിപി ലോക്നാഥ് ബെഹ്റ തുടങ്ങിയവർ പൂരാഘോഷങ്ങളും കുടമാറ്റവും കാണാനെത്തും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.