ബെംഗളൂരു : കഴിഞ്ഞ മൂന്നു മുതൽ ഹൊസൂരിനെയും ബാനസവാടിയെയും കൂട്ടിയിണക്കി ദക്ഷിണ പശ്ചിമ റെയിൽവേ സബേർബൻ ട്രെയിൻ സർവീസ് ആരംഭിച്ചതിന്റെ പശ്ചാത്തലത്തിൽ, ഉപയോഗിക്കാതെ കിടക്കുന്ന യശ്വന്ത്പുര- ഹൊസൂർ റെയിൽപാത തുറക്കണമെന്ന ആവശ്യം ശക്തം. ഈ പാത ബയപ്പനഹള്ളിയുമായി കൂട്ടിയിണക്കുന്നതു വഴി, നിത്യയാത്രികർക്ക് കൂടുതൽ കാര്യക്ഷമമായി നമ്മ മെട്രോ പർപ്പിൾ ലൈൻ ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് സന്നദ്ധ സംഘടനയായ സിറ്റിസൺസ് ഫോർ ബെറ്റർ ബെംഗളൂരു അഭിപ്രായപ്പെട്ടു.
ചെയ്ഞ്ച് ഡോട്ട് ഓർഗിൽ ഓൺലൈൻ പ്രചാരണത്തിനും അവർ തുടക്കമിട്ടു. 1922ൽ നിർമിച്ചതാണ് യശ്വന്ത്്പുര- ഹൊസൂർ പാത. ഐടി ജീവനക്കാർ ഉൾപ്പെടെ സബേർബൻ ട്രെയിൻ യാത്രക്കാരെ ഏകോപിപ്പിച്ച് ഒപ്പുശേഖരണ യജ്ഞം ശക്തമാക്കിയിരിക്കുകയാണ് സിറ്റിസൺസ് ഫോർ ബെറ്റർ ബെംഗളൂരു. നിലവിൽ ഹൊസൂരിൽ നിന്നുള്ള സബേർബൻ ട്രെയിൻ ഉപയോഗിക്കുന്നവർ ഹീലലിഗെയിലോ ഹെബ്ബാളിലോ ഇറങ്ങുകയാണ്.
യശ്വന്ത്പുര- ഹൊസൂർ പാത ഉപയോഗപ്പെടുത്തിയാൽ ഇവർക്കു ബയപ്പനഹള്ളിയിൽ ഇറങ്ങാനാകും. റോഡ് ഗതാഗത സംവിധാനങ്ങളിലെ തിരക്കിന് ഒരു പരിധിവരെ പരിഹാരം കാണാനുമാകും. ബയപ്പനഹള്ളിയെ സബേർബൻ റെയിൽ സംവിധാനവുമായി ഇണക്കുന്നതോടെ മെട്രോ പിടിക്കാൻ റോഡ് മാർഗം യശ്വന്ത്പുരയിലേക്ക് പോകുന്നവരുടെ എണ്ണം ഗണ്യമായി കുറയ്ക്കാനാകും. ഇതിനു പുറമെ യശ്വന്ത്പുര എപിഎംസി മാർക്കറ്റിലേക്കുള്ള യാത്രയും സുഗമമാകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.