ബെംഗളൂരു : കന്നഡിഗൻ അല്ലാത്ത രാജീവ് ചന്ദ്രശേഖറിനെ കർണാടകയിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർഥിയായി ബിജെപി നാമനിർദേശം ചെയ്തതിനെതിരെ കോൺഗ്രസ്. നാട്ടുകാരല്ലാത്തവരെ തുടർച്ചയായി നാമനിർദേശം ചെയ്യുന്ന ബിജെപി, സംസ്ഥാന താൽപര്യങ്ങൾ അവഗണിക്കുകയാണെന്നു ട്വിറ്റർ പേജിൽ കോൺഗ്രസ് കുറ്റപ്പെടുത്തി. കന്നഡിഗർ അല്ലാത്തവർക്കു കർണാടകയുടെ താൽപര്യങ്ങൾക്കു വേണ്ടി പാർലമെന്റിൽ ശബ്ദം ഉയർത്താനാകില്ല.
ബിജെപി പ്രവർത്തകനോ പ്രതിനിധിയോ നേതാവോ അല്ലാത്തയാളാണ് രാജീവ് ചന്ദ്രശേഖറെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. കന്നഡിഗരല്ലാത്ത വെങ്കയ്യനായിഡുവിനെയും നിർമല സീതാരാമനെയും നാമനിർദേശം ചെയ്ത ബിജെപി ഇത്തവണ രാജീവ് ചന്ദ്രശേഖറെ ഇറക്കിയിരിക്കുകയാണെന്നു പ്രതികരിച്ച കർണാടക പിസിസി വർക്കിങ് പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു, യോഗ്യരായ നാട്ടുകാരെ ബിജെപിക്കു കണ്ടെത്താനായില്ലേ എന്ന ചോദ്യവും ഉന്നയിച്ചു.
എന്നാൽ കേരളത്തിൽ നിന്നുള്ള ആളാണെന്ന ഒറ്റക്കാരണത്താലാണു കോൺഗ്രസ് രാജീവ് ചന്ദ്രശേഖറിനെ എതിർക്കുന്നതെന്നു ബിജെപി പ്രതികരിച്ചു. ഇതാണ് മാനദണ്ഡമെങ്കിൽ കേരള സ്വദേശികളായ മന്ത്രി കെ.ജെ.ജോർജ്, എൻ.എ.ഹാരിസ് എംഎൽഎ എന്നിവരോട് കോൺഗ്രസ് രാജി ആവശ്യപ്പെടണമെന്നും ബിജെപി ട്വിറ്റർ പേജിലൂടെ ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.