ബെംഗളൂരു : കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തെയും ഇലക്ട്രോണിക് സിറ്റിയെയും കൂട്ടിയിണക്കി തുമ്പി ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹെലി ടാക്സി സർവീസ് ഇന്നു മുതൽ ആരംഭിച്ചു. റോഡ് മാർഗം യാത്ര ചെയ്താൽ രണ്ടു മണിക്കൂറിലേറെ വേണ്ടിവരുന്ന ഈ ദൂരം താണ്ടാൻ ഹെലി ടാക്സിയിൽ പറന്നാൽ പരമാവധി വേണ്ടത് 15 മിനിറ്റ്.
തിരുവനന്തപുരം ആസ്ഥാനമായുള്ള തുമ്പി ഏവിയേഷന്റെ ആറു സീറ്റുകൾ വീതമുള്ള രണ്ടു ബെൽ 407 ഹെലികോപ്റ്ററുകളാണ് സർവീസ് നടത്തുന്നതെന്നു മാനേജിങ് ഡയറക്ടർ ക്യാപ്റ്റൻ കെ.എൻ.ജി. നായർ പറഞ്ഞു. ഇലക്ട്രോണിക് സിറ്റി ഫെയ്സ് ഒന്നിൽ ഒരുക്കിയിരിക്കുന്ന ഹെലിപ്പാഡ് നിർദിഷ്ട മെട്രോ സ്റ്റേഷനും ബസ് സ്റ്റാൻഡിനും സമീപത്താണ്. ഇലക്ട്രോണിക് സിറ്റി വരെയുള്ള യാത്രക്കൂലിയായി 3500 രൂപയും ജിഎസ്ടിയുമാണ് ഈടാക്കുന്നത്.
ഇതു പ്രകാരം സീറ്റ് ഒന്നിനു 4100 രൂപയാണു ചാർജ്. എന്നാൽ ഉദ്ഘാടന പാക്കേജിന്റെ ഭാഗമായി 2500 രൂപയും ജിഎസ്ടിയും നൽകിയാൽ മതിയാകുമെന്നു തുമ്പി ഏവിയേഷൻ ബിസിനസ് ഡവലപ്മെന്റ് വിഭാഗം മേധാവി ഗോവിന്ദ് നായർ പറഞ്ഞു. 15 കിലോഗ്രാം ലഗേജ് അനുവദിക്കും. കൂടുതൽ ഭാരത്തിന് അധിക ചാർജ് ഈടാക്കും. ‘ഹെലി ടാക്സി’ എന്ന ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം.
രാവിലെ 6.30-9.30, ഉച്ചയ്ക്കു 3.00-615 എന്നിങ്ങനെ രണ്ടു സമയങ്ങളിലായാണ് സർവീസ്. നിലവിൽ ഇലക്ട്രോണിക് സിറ്റി വരെയാണു സർവീസ് നടത്തുന്നതെങ്കിലും രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് എച്ച്എഎൽ വിമാനത്താവളത്തിലേക്കും വ്യാപിപ്പിക്കും. നഗരത്തിൽ ഐടിസി ഗാർഡേനിയ ഹോട്ടൽ, ശ്രീകണ്ഠീരവ സ്റ്റേഡിയം തുടങ്ങി 90 ഹെലിപ്പാഡുകൾ സിവിൽ വ്യോമയാന വകുപ്പ് ഡയറക്ടർ ജനറലിന്റെ അംഗീകാരത്തിനായി കാത്തു കിടപ്പുണ്ട്.
ഇതു സാധ്യമായാൽ ഇവിടങ്ങളിലേക്കും ഹെലി ടാക്സി സർവീസ് നടത്താനാകുമെന്ന് വിമാനത്താവള വക്താവ് അറിയിച്ചു. ഇവയ്ക്ക് അംഗീകാരം ലഭിക്കുന്ന മുറയ്ക്കു സർവീസ് ഘട്ടംഘട്ടമായി വ്യാപിപ്പിക്കാനാകും. വയനാട്, കൂർഗ്, ചിക്കമഗലൂരു എന്നിവിടങ്ങളിലേക്കു വിനോദ പാക്കേജുകളും വരുംദിനങ്ങളിൽ സജ്ജീകരിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.