തിരക്കഥാകൃത്തും സംവിധായകനുമായ രാകേഷ് ഓംപ്രകാശ് മെഹ്റ, ഇറാനിയൻ നടി ഫാത്തിമ മുത്തമ്മദ് അർയ എന്നിവർ മുഖ്യാതിഥികളായിരുന്നു.. മന്ത്രിമാരായ ആർ.റോഷൻ ബേഗ്, എച്ച്.എം. രേവണ്ണ, മേയർ സമ്പത്ത്്രാജ്,കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് സാരാ ഗോവിന്ദു, കർണാടക ചലനച്ചിത്ര അക്കാദമി ചെയർമാൻ എസ്.വി.രാജേന്ദ്ര സിങ് ബാബു എന്നിവർ പങ്കെടുത്തു.
ഉദ്ഘാടന ചിത്രമായ ഇറ്റലിയിൽനിന്നുള്ള ലോറ ലെഗലെ നിറഞ്ഞ സദസിനു മുന്നിലാണു പ്രദർശിപ്പിച്ചത്. അറുപതു രാജ്യങ്ങളിൽനിന്നുള്ള 200സിനിമകൾ പ്രദർശനത്തിനെത്തുന്ന മേള മാർച്ച് ഒന്നിനു സമാപിക്കും. ലോക സിനിമാവിഭാഗത്തിൽ 68 സിനിമകളും ഏഷ്യൻ സിനിമയിൽ 13ഉം ഇന്ത്യൻ സിനിമാ വിഭാഗത്തിൽ 14ഉം കന്നഡ സിനിമാ വിഭാഗത്തിൽ 12 ഉം ചിത്രങ്ങളാണു മൽസരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. കർണാടക ചലനച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന മേള മാർച്ച് ഒന്നിന് സമാപിക്കും.
∙ രാജ്യാന്തര ചലച്ചിത്രമേളയിൽ സിനിമകളുടെ പ്രദർശനം ഇന്നു രാവിലെ രാജാജിനഗർ ഓറിയോൺ മാളിലെ പിവിആർ സിനിമാസിലും ചാമരാജ് പേട്ടിലെ ഡോ.രാജ് ഭവനിലും ആരംഭിക്കും. പിവിആർ സിനിമാസിലെ 11 സ്ക്രീനുകളിൽ രാവിലെ 9.30 ന് ആദ്യ പ്രദർശനം ആരംഭിക്കും. രാത്രി എട്ടിനാണ് അവസാന പ്രദർശനം. ഡോ.രാജ്ഭവനിലെ സിംഗിൾ സ്ക്രീനിൽ 11.30 ന് ആദ്യപ്രദർശനം ആരംഭിക്കും.
∙ ചലച്ചിത്രമേളയിൽ ഇന്ന് സ്ക്രീൻ നാലിൽ രാവിലെ 9.30നു സ്പാനിഷ് സംവിധായകൻ ഏലിറേസ കാറ്റാമിയുടെ ഒബ്ലിവിൻ വേഴ്സസ് പ്രദർശിപ്പിക്കും. വെനീസ് ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ ചിത്രം മുംബൈ മേളയിലും പ്രദർശിപ്പിച്ചിരുന്നു. കൗണ്ട്ഡൗൺ (തായ്ലൻഡ്), ഡെ ബ്രേക്ക് (അൽബേനിയ), കസ്റ്റഡി (ഫ്രാൻസ്), ഹൈ നൂൺ സ്റ്റോറി (ഇറാൻ) എന്നീ ചിത്രങ്ങളും ഇന്നു പ്രദർശിപ്പിക്കും.
∙ ചലച്ചിത്രമേളയിൽ ഇന്ത്യൻ സിനിമാ മൽസരവിഭാഗത്തിൽ ഇന്നു മലയാളചിത്രമായ ടേക്ക് ഓഫ് പ്രദർശിപ്പിക്കും. പിവിആർ സിനിമാസിലെ സ്ക്രീൻ എട്ടിൽ ഉച്ചയ്ക്കു 12നാണ് പ്രദർശനം. മഹേഷ് നാരായണനാണു സംവിധാനം ചെയ്തത്.
∙ ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള ശിൽപശാലയിൽ ശബ്ദവിന്യാസവും ഡിജിറ്റൽ ഫിലിം മേക്കിങ്ങും എന്ന വിഷയത്തിൽ ശ്രീജേഷ് നായർ മുഖ്യപ്രഭാഷണം നടത്തും. പിവിആർ സിനിമാസിലെ സ്ക്രീൻ 11ൽ ഉച്ചകഴിഞ്ഞു 2.15ന് ശിൽപശാല ആരംഭിക്കും.