ബെംഗളൂരു : നഗരത്തിലെ ട്രാഫിക് സംസ്കാരത്തെ മാറ്റിയെഴുതുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ “ലെസ് ട്രാഫിക് ദിനാ”ചരണം വലിയ ചലനങ്ങൾ സൃഷ്ടിക്കാതെ കടന്നു പോയി, വരുന്ന ചൊവ്വാഴ്ച ശിവരാത്രിയോടനുബന്ധിച്ച് അവധി ഉള്ളതുകൊണ്ട് വെള്ളിയാഴ്ചയോ ശനിയാഴ്ചയോ തന്നെ അന്യ നാട്ടുകാരും സംസ്ഥാനക്കാരും അവധി ആഘോഷിക്കാൻ നഗരം വിട്ടതുകൊണ്ടുണ്ടായ സ്വകാര്യ വാഹനങ്ങളുടെ തിരക്ക് കുറവിൽ കവിഞ്ഞ് പ്രത്യേക വ്യത്യാസമൊന്നും ട്രാഫിക്കിന്റെ കാര്യത്തിൽ നഗരത്തിലുണ്ടായില്ല.
നല്ലൊരു വിഭാഗം ജനങ്ങളിലേക്ക് ഇത്തരം ആചരണ വാർത്തകൾ എത്താത്തതും ലെസ് ട്രാഫിക് ദിനാചരണത്തിന് തിരിച്ചടിയായി.
എല്ലാ മാസത്തെയും രണ്ടാമത്തെ ഞായറാഴ്ച നഗരവാസികളെ സ്വന്തം വാഹനം വീട്ടിലിട്ട് പൊതുഗതാഗതത്തെ ആശ്രയിക്കാൻ പ്രോൽസാഹിപ്പിക്കുന്ന ബെംഗളൂരുവിലെ ആദ്യ ലെസ് ട്രാഫിക് ദിനമായിരുന്നു ഇന്നലെ ആചരിച്ചത്.
ഇനി മുതൽ എല്ലാ മാസത്തെയും രണ്ടാം ഞായറാഴ്ച ബെംഗളൂരു ലെസ് ട്രാഫിക് ദിനമായി ആചരിക്കും.
വിധാൻസൗധയ്ക്കു മുന്നിൽ സൈക്കിൾ ജാഥ ഫ്ലാഗ് ഓഫ് ചെയ്താണ് ഗതാഗതമന്ത്രി എച്ച്.എം.രേവണ്ണ ലെസ് ട്രാഫിക് ദിനത്തിനു തുടക്കമിട്ടത്. വാഹനപ്പെരുപ്പം 72 ലക്ഷത്തിലെത്തിയ ബെംഗളൂരുവിൽ പൊതുഗതാഗതം പ്രോൽസാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വായുമലിനീകരണം നിയന്ത്രിക്കാൻ ഇലക്ട്രിക് വാഹനങ്ങൾ പ്രോൽസാഹിപ്പിക്കാനും സർക്കാർ നടപടി സ്വീകരിക്കും.
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോൽസാഹിപ്പിക്കുന്നതിനായി ബെംഗളൂരു മഹാനഗരസഭ(ബിബിഎംപി)യുടെ നേതൃത്വത്തിൽ മെട്രോ സ്റ്റേഷനുകളിൽ 200 ഇ–ബൈക്കുകൾ ഏർപ്പെടുത്തുമെന്നു മേയർ ആർ.സമ്പത്ത്രാജ് പറഞ്ഞു. മെട്രോ സ്റ്റേഷനുകളിൽ ഇറങ്ങുന്നവർക്കും തുടർയാത്രയ്ക്കായി ഇവ ഉപയോഗിക്കാം.ആദ്യഘട്ടത്തിൽ സേവനം സൗജന്യമായിരിക്കും. പിന്നീട് ചെറിയ തുക വാടക ഈടാക്കും. നഗരത്തിലെ ഓരോ ഭാഗത്തെയും വായുമലിനീകരണ തോത് അളക്കാൻ റോഡുകളിൽ സെൻസറുകൾ ഘടിപ്പിക്കുമെന്നും മേയർ പറഞ്ഞു.
കിട്ടിയ അവസരം വിനിയോഗിക്കാൻ വെബ് ടാക്സി കമ്പനികളുണ്ടായിരുന്നു.
കൂടുതൽ ക്യാബുകളും നിരക്കിളവുമായി വെബ്ടാക്സി കമ്പനി ഓല, ലെസ് ട്രാഫിക് ദിനത്തിനു പിന്തുണയേകി. സ്വന്തം വാഹനത്തിനു പകരം പൊതുഗതാഗതത്തെ ആശ്രയിക്കാൻ കൂടുതൽപേരെ പ്രോൽസാഹിപ്പിക്കുന്നതിനായി പ്രത്യേക ഡിസ്കൗണ്ട് കൂപ്പണും ഇറക്കി. നഗരത്തിലെ ഗതാഗതക്കുരുക്കും വായു മലിനീകരണവും കുറയ്ക്കാൻ സർക്കാർ നടപടി സഹായിക്കുമെന്നു ഓല ജനറൽ മാനേജർ വിഷ്ണു ബൊമ്മറെഡ്ഡി പറഞ്ഞു.