ബെംഗളൂരു : പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂർത്തിയായ മൈസൂരു–ബെംഗളൂരു പാതയിൽ ഇലക്ട്രിക് ട്രെയിൻ സർവീസ് 19നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. മൈസൂരുവിൽ നിന്നു രാജസ്ഥാനിലേക്കുള്ള പുതിയ ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യുന്ന അദ്ദേഹം ഒട്ടേറെ കേന്ദ്ര പദ്ധതികളുടെ ശിലാസ്ഥാപനവും നിർവഹിക്കും. നാഗനഹള്ളിയിൽ 789.29 കോടി രൂപ ചെലവിൽ നിർമിക്കുന്ന സാറ്റ്ലൈറ്റ് റെയിൽവേ സ്റ്റേഷൻ, മൈസൂരു–ബെംഗളൂരു ദേശീയപാത എട്ടുവരിപാത നിർമാണങ്ങൾക്ക് തുടക്കമിടും.
ഇഎസ്ഐ ആശുപത്രി ഉദ്ഘാടനം ചെയ്യുന്ന അദ്ദേഹം വൈകിട്ട് മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന സമ്മേളനത്തിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യും. ശ്രാവണ ബെലഗോളയിൽ നടക്കുന്ന മഹാമസ്തകാഭിഷേകത്തിൽ പങ്കെടുത്തേക്കുമെന്നും സൂചനയുണ്ട്.
പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും ഡിസംബറിൽ പൂർത്തിയായിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ സമയം ലഭിക്കാത്തതിനാലാണ് ഉദ്ഘാടനം നീണ്ടത്. തിരഞ്ഞെടുപ്പു ചൂടിൽ നിൽക്കുന്ന സംസ്ഥാനത്ത് ഒരുമാസത്തിനിടെ പ്രധാനമന്ത്രിയുടെ രണ്ടാം സന്ദർശനം പാർട്ടിക്കു ഗുണകരമാകുമെന്നു ബിജെപി കണക്കുകൂട്ടുന്നു. ബെംഗളൂരു–കെംഗേരി (12.22 കിലോമീറ്റർ), കെംഗേരി–രാമനഗര (32.17), രാമനഗര–മൈസൂരു (93.86) എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായാണ് പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂർത്തിയാക്കിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.