ബെംഗളൂരു: ഗതാഗത നിയമലംഘനത്തിന് പിഴ രസീത് ഇനി മുതൽ എസ്എംഎസ് വഴി ലഭിക്കും. നിലവിൽ പേപ്പർ രസീത് നൽകുന്നതിന് പകരമാണ് പിഴ സംഖ്യയടക്കമുള്ള വിവരങ്ങൾ എസ്എംഎസായി നൽകുന്നത്. കഴിഞ്ഞ വർഷം മാത്രം 59 ലക്ഷം രസീതുകളാണ് വിവിധ കേസുകളിൽ പിഴത്തുക രേഖപ്പെടുത്തി വാഹന ഉടമകൾക്ക് നൽകിയത്.
ഇത്രയും രസീതുകൾ പ്രിന്റ് ചെയ്യാനുള്ള തുക ലാഭിക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണവുംകൂടി ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കാരമെന്ന് ട്രാഫിക് അഡീഷനൽ കമ്മിഷണർ ആർ.ഹിതേന്ദ്ര പറഞ്ഞു. എസ്എംഎസിനൊപ്പം ലഭിക്കുന്ന വെബ് ലിങ്ക് തുറന്നാൽ നിയമലംഘനം നടത്തിയതിന്റെ സിസി ടിവി ദൃശ്യങ്ങളും കാണാം.