മുംബൈ : മഹാരാഷ്ട്രയിലെ കോലാപൂരിൽ മിനി ബസ് പുഴയിലേക്കു മറിഞ്ഞ് 13 പേർ മരിച്ചു. മൂന്നു പേർക്കു പരുക്കേറ്റു. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് അപകടം.
മുംബൈയ്ക്കു 300 കിലോമീറ്റർ അകലെ കോലാപൂരിലെ പഞ്ചഗംഗ നദിയിലേക്കാണ് ബസ് മറിഞ്ഞത്. രത്നഗിരിയിൽ നിന്ന് കോലാപൂരിലേക്കു വരികയായിരുന്നു ബസ് നിയന്ത്രണം വിട്ട് നദിയിലേക്കു പതിക്കുകയായിരുന്നു. 16 പേരാണ് ബസിൽ ഉണ്ടായിരുന്നത്.
11 പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്കുള്ള മാർഗമധ്യേയുമാണ് മരിച്ചത്. തുടർന്നു നടത്തിയ തിരച്ചിലിൽ പുലർച്ചെയോടെ ഒരു കുഞ്ഞിന്റെ മൃതദേഹം കൂടി കണ്ടെത്തി. മൂന്നു പേരെ ഗുരുതരപരുക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.