ബിബിഎംപിയുടെ 198 വാർഡുകളിലും ഓരോ കന്റീൻ വീതം നിർമിക്കാനാണ് ആദ്യം ലക്ഷ്യമിട്ടിരുന്നതെങ്കിലും സ്ഥലലഭ്യതയാണ് തടസ്സമായത്. പ്രതിഷേധത്തെ തുടർന്നു പാർക്കുകൾ, മൈതാനങ്ങൾ എന്നിവിടങ്ങളിൽ കന്റീൻ ആരംഭിക്കാനുള്ള നീക്കത്തിൽ നിന്നും ബിബിഎംപിക്ക് പിൻവാങ്ങേണ്ടിവന്നു. ഇതോടെയാണ് മൊബൈൽ കന്റീൻ എന്ന ആശയത്തിന് രൂപം നൽകിയത്. നിലവിൽ 157 വാർഡുകളിലാണ് ഇന്ദിരാ കന്റീനുകളുള്ളത്. മൈസൂരുവിലും ജനുവരി ആദ്യം 11 കന്റീനുകൾ പ്രവർത്തനമാരംഭിച്ചു.
ഓരോ വാർഡിലെയും തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ദിവസം മൂന്നു നേരമാണ് ഭക്ഷണവുമായി മൊബൈൽ ഇന്ദിരാ കന്റീൻ എത്തുക. പ്രഭാത ഭക്ഷണത്തിന് അഞ്ച് രൂപയും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും പത്ത് രൂപയുമാണ് നിരക്ക്. മറ്റ് ഇന്ദിരാ കന്റീനുകളിൽ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ നൽകുന്ന അതേ സമയങ്ങളിലാണ് മൊബൈൽ കന്റീനുകളും പ്രവർത്തിക്കുന്നത്.
ജിപിഎസ് ട്രാക്കിങ്, സിസിടിവി ക്യാമറകൾ, വാട്ടർടാങ്ക്, ശുദ്ധജല പൈപ്പ്, മാലിന്യസംഭരണി, മടക്കി ഉപയോഗിക്കാവുന്ന മേശകളും കസേരകളും, 40 എൽഇഡി ലൈറ്റുകൾ എന്നിവ കന്റീനിലുണ്ട്. വാഹനത്തിന്റെ മുകളിൽ ഘടിപ്പിച്ചിട്ടുള്ള സോളർ പാനലുകൾ ഉപയോഗിച്ചാണ് ലൈറ്റുകൾ പ്രവർത്തിക്കുക. ഒരേ സമയം ഇരുപത് പേർക്ക് ഭക്ഷണം കഴിക്കാം.