തലശ്ശേരി – മൈസൂരു നിർദിഷ്ട റെയിൽ പാതക്ക് കേരളം സമർപ്പിച്ച വിശദമായ പദ്ധതി റിപ്പോർട്ടിന് കേന്ദ്ര റെയിൽവേ ബോർഡ് തത്വത്തിൽ അനുമതി നൽകി;കുടകിൽ പ്രതിഷേധം ശക്തം.

ബെംഗളൂരു∙ തലശ്ശേരി – മൈസൂരു നിർദിഷ്ട റെയിൽ പാതയ്ക്കെതിരെ കുടകിൽ പ്രതിഷേധം ശക്തം. പാത സംബന്ധിച്ച് കേരളം സമർപ്പിച്ച വിശദമായ പദ്ധതി റിപ്പോർട്ടിന് (ഡിപിആർ) കേന്ദ്ര റെയിൽവേ ബോർഡ് തത്വത്തിൽ അനുമതി നൽകിയതോടെയാണ് പരിസ്ഥിതി സംഘടനകളുടെ പ്രതിഷേധം രൂക്ഷമായത്. ഡിസംബർ 30ന് ചീഫ് സെക്രട്ടറി മുഖേന കേരളം സമർപ്പിച്ച 5052 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന 240 കിലോമീറ്റർ പാതയ്ക്കാണ് റെയിൽവേ ബോർഡ് കഴിഞ്ഞ 13ന് പച്ചക്കൊടി വീശിയത്.

നാഗർഹോളെ, വയനാട് വന്യജീവി സങ്കേതങ്ങളെ (ബഫർസോൺ) പൂർണമായി ഒഴിവാക്കി കേരളം നേരത്തെ സമർപ്പിച്ച പ്രാഥമിക രൂപരേഖയ്ക്ക് കർണാടക നവംബറിൽ അനുമതി നൽകിയിരുന്നു. ഇതേത്തുടർന്ന് ഡിപിആർ തയാറാക്കാൻ കൊങ്കൺ റെയിൽവേ കോർപറേഷനെ കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ ചുമതലപ്പെടുത്തുകയായിരുന്നു.

തലശ്ശേരിയിൽ നിന്നു തുടങ്ങി മാനന്തവാടി, തൃശിലേരി, അപ്പപ്പാറ, കുട്ട, ശ്രീമംഗല, ബലാൽ, തിത്തിമത്തി, പെരിയപട്ടണയിലെത്തി നിർദിഷ്ട കുശാൽനഗർ – മൈസൂരു പാതയുമായി ബന്ധിപ്പിക്കും വിധമുള്ള ഡിപിആറാണ് തുടർന്ന് റെയിൽവേ ബോർഡിന് സമർപ്പിച്ചത്. ഈ പദ്ധതിയുടെ വിശദാംശങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലുമായി മന്ത്രി ജി.സുധാകരൻ ഇന്നലെ ചർച്ച ചെയ്തതിന്റെ കൂടി പശ്ചാത്തലത്തിലാണ് കുടക് മേഖലയിൽ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തു വന്നത്. റെയിൽവേ ബോർഡ് സമർപ്പിക്കുന്ന ഡിപിആർ ഇനി കേന്ദ്ര പരിസ്ഥിതി മന്താലയം അംഗീകരിക്കേണ്ടതുണ്ട്.

പദ്ധതി തടയാൻ ഏതു വിധേനയും ശ്രമം നടത്തുമെന്ന് കൂർഗ് വൈൽഡ് ലൈഫ് സൊസൈറ്റി പ്രസിഡന്റ് കേണൽ മുത്തണ്ണ പറഞ്ഞു. പദ്ധതിക്കായി മരങ്ങൾ മുറിച്ചു മാറ്റേണ്ടി വരും. ഇത് മേഖലയിലെ കാട്ടാനകൾക്ക് ദോഷകരമാകും. ഇതു തടയാൻ കോടതിയിൽ പോകുന്നതിനൊപ്പം പ്രതിഷേധങ്ങൾ ശക്തമാക്കും. തെക്കൻ കുടകിലെ മിക്ക പഞ്ചായത്തുകൾക്കും പദ്ധതിയെ കുറിച്ച് ആശങ്കയുണ്ടെന്നും ഇവ കണ്ടില്ലെന്നു നടിക്കുന്നത് ജനാധിപത്യ തത്വങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു. മടിക്കേരിയിൽ വരും ദിനങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും.

കൂർഗ് വൈൽഡ് ലൈഫ് സൊസൈറ്റിക്കു പുറമെ, കുടക് ഗ്രോവേഴ്സ് ഫെഡറേഷൻ, യുണൈറ്റഡ് കൊഡവ ഓർഗനൈസേഷൻ, സേവ് റിവർ കാവേരി ഫോറം തുടങ്ങിയ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. സേവ് കുടക്, സേവ് കാവേരി (കുടകിനെ രക്ഷിക്കൂ, കാവേരിയെ രക്ഷിക്കൂ) എന്ന മുദ്രാവാക്യമാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്. തലശ്ശേരി – മൈസൂരു പാതയ്ക്ക് എതിരെ 2017 ജൂൺ നാലിന് മടിക്കേരിയിലും ഓഗസ്റ്റ് 26ന് കുട്ടിയിലും പ്രതിഷേധം നടന്നിരുന്നു. ഓൺലൈൻ പരാതി സൈറ്റായ ചെയ്ഞ്ച് ഡോട്ട് ഓർഗിൽ 24000 ഒപ്പുകളാണ് പാതയ്ക്ക് എതിരെ ഇവർ സംഘടിപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us