ഇതിനു പുറമെ സംസ്കരിക്കാത്ത മലിനജലവും വൻതോതിൽ എത്തുന്നുണ്ട്. തടാക സംരക്ഷണത്തിനായി സമീപവാസികളുടെ നേതൃത്വത്തിൽ ഞായറാഴ്ചകളിൽ ശുചീകരണ പ്രവൃത്തികൾ നടത്താറുണ്ട്. എന്നാൽ വിഷപ്പത ഓരോ ദിവസവും കൂടി വരുകയാണ്. ബെലന്തൂർ, വർത്തൂർ, കസവനഹള്ളി, രാമപുര തടാകങ്ങളിലെല്ലാം നേരത്തേ വിഷപ്പത നിറഞ്ഞിരുന്നു. വിഷപ്പത ഇല്ലാത്ത അൾസൂർ, ദുബാസിപാളയ തടാകങ്ങളിലാകട്ടെ വൻതോതിൽ മൽസ്യങ്ങൾ ചത്തുപൊങ്ങുകയും ചെയ്തു.
ബെലന്തൂർ തടാകത്തിൽ അടിഞ്ഞുകൂടിയ രാസമാലിന്യത്തിനു തീപിടിക്കുകയും ചെയ്തിട്ടുണ്ട്. അപാർട്മെന്റുകളിൽ നിന്നു സംസ്കരിക്കാതെ മലിനജലം തള്ളുന്നതാണ് തടാകങ്ങൾ വിഷമയമാകാൻ കാരണമെന്നു മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പറയുന്നു. ജലത്തിൽ ഫോസ്ഫേറ്റിന്റെ സാന്നിധ്യം കൂടുന്നതാണ് വിഷപ്പതയ്ക്കു കാരണം. തടാകങ്ങളിലേക്കു മലിനജലം എത്തുന്നതു പൂർണമായും തടഞ്ഞാലേ വിഷപ്പത ഒഴിവാക്കാൻ കഴിയുകയുള്ളു എന്നും വിദഗ്ധർ പറയുന്നു. 50 ഫ്ലാറ്റുകളിൽ കൂടുതലുള്ള അപാർട്മെന്റുകൾ മലിനജല സംസ്കരണ പ്ലാന്റ്(എസ്ടിപി) സ്ഥാപിക്കണമെന്ന സർക്കാർ നിർദേശം പൂർണമായും നടപ്പായിട്ടില്ല.