ബെംഗളൂരു : ഖര-ദ്രവ മാലിന്യങ്ങൾക്കു പിന്നാലെ ഇലക്ട്രോണിക്സ് മാലിന്യങ്ങൾ നിക്ഷേപിക്കാനും റോഡരികിൽ ഡ്രോപ് ബോക്സുകൾ വരുന്നു. ആദ്യഘട്ടത്തിൽ ഇന്ദിരാനഗർ സിഎംഎച്ച് റോഡിലാണ് ഇ–മാലിന്യ ശേഖരണത്തിനുള്ള ബോക്സ് സ്ഥാപിച്ചത്. മാലിന്യ സംസ്കരണ ഏജൻസിയായ സഹാസ്, എൻവയൺമെന്റൽ സിനർജീസ് ഇൻ ഡവലപ്മെന്റ്, ബിഎം കവാൽ റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസമാണു ബോക്സ് സ്ഥാപിച്ചത്.
സഹാസിന്റെ നേതൃത്വത്തിൽ ജയനഗർ സോണിലെ ബാംഗ്ലൂർ വൺ സെന്ററുകളിലും പോസ്റ്റ് ഓഫിസുകളിലും ഇ–ഡ്രോപ് ബോക്സുകൾ മാസങ്ങൾക്കു മുൻപ് സ്ഥാപിച്ചിരുന്നു. കീബോർഡ്, കേബിളുകൾ, സിഡി ഡ്രൈവുകൾ, സിപിയു, മൊബൈൽ ഫോണുകൾ എന്നിവ ഡ്രോപ് ബോക്സിൽ നിക്ഷേപിക്കാമെന്നു സഹാസ് സിഇഒ ദിവ്യ തിവാരി പറഞ്ഞു.