മുംബൈ: മൂത്ത സഹോദരൻ മൊബൈൽ ടെലിഫോണിയിലേക്കു കടന്നത് അനിയന്റെ “പണി’ മുട്ടിച്ചു. അനിൽ അംബാനി 2 ജി മൊബൈൽ ടെലിഫോണിയിൽനിന്നു പിന്മാറുന്നു. നവംബർ മുപ്പതോടെ മൊബൈൽ സംഭാഷണത്തിന് അനിൽ അംബാനിയുടെ കന്പനി ഉണ്ടാകില്ല. 4ജി ഒഴികെ എല്ലാം നിർത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
നിലവിൽ ആർകോമിന് 4ജി നെറ്റ്‌വർക്ക് നൽകുന്നത് ജിയോയാണ്. ഈ സേവനം തുടരും. എന്നാൽ 2ജി, 3ജി വരിക്കാർ എവിടേക്ക് പോകുമെന്നത് വ്യക്തതയില്ല. ഇതിനിടെ എയർസെലുമായി ചേരാനുള്ള നീക്കങ്ങളും വിജയിച്ചില്ല. നിലിവിൽ ആർകോമിന്റെ കടം 6.7 ബില്ല്യൻ ഡോളറാണ് (ഏകദേശം 43,386 കോടി രൂപ).
ഇതിനിടെ കടബാധ്യത കുറയ്ക്കാനുള്ള രണ്ടു പദ്ധതികൾ സെപ്റ്റംബറോടെ നടപ്പാക്കാനാകുമെന്നും ബാങ്കുകൾ ഡിസംബർ വരെ സമയമനുവദിച്ചിട്ടുണ്ടെന്നും റിലയൻസ് കമ്യൂണിക്കേഷൻസ് (ആർകോം) ചെയർമാൻ അനിൽ അംബാനി പറഞ്ഞിരുന്നു. കുറഞ്ഞ നിരക്കിൽ സേവനം നൽകേണ്ടിവന്നതാണ് ആർകോമിനെ തളർത്തിയത്.
അടുത്തവർഷം രാജ്യത്തു സ്വകാര്യ മേഖലയിൽ മൂന്നു ടെലികോം കന്പനികളേ ഉണ്ടാകൂ എന്നതാണവസ്ഥ. മിത്തൽ കുടുംബത്തിന്റെ എയർടെൽ, മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ, ബ്രിട്ടീഷ് കന്പനി വോഡഫോണും ആദിത്യബിർള ഗ്രൂപ്പിന്റെ ഐഡിയയും ഒന്നിച്ചുണ്ടാകുന്ന കന്പനി എന്നിവ. പൊതുമേഖലയിലെ ബിഎസ്എൻഎലും എംടിഎൻഎലും രംഗത്തു തുടരും.
കേരളമൊഴിച്ചുള്ള സർക്കിളുകളിലൊന്നും ബിഎസ്എൻഎൽ ശക്തമല്ലാത്തതിനാൽ മൂന്നു സ്വകാര്യ കുത്തകകളിലേക്കു മൊബൈൽ ടെലിഫോണി ബിസിനസ് ഒതുങ്ങി എന്നു പറയാം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.