ബെംഗളൂരു∙ കർണാടക ആർടിസിയുടെ ഐരാവത് ക്ലബ് ക്ലാസ് സീരിസിലെ പുതിയ ബസുകൾ നിരത്തിലേക്ക്. ഭാരത് സ്റ്റേജ് നാല് (ബിഎസ് ഫോർ) നിലവാരം പുലർത്തുന്ന വോൾവോയുടെ 23 മൾട്ടി ആക്സിൽ എസി ബസുകളാണ് വിധാൻസൗധയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഫ്ലാഗ് ഓഫ് ചെയ്തത്.
ഐരാവത് ക്ലബ് ക്ലാസ് സീരീസിലുള്ള പുതിയ ബസുകളിൽ രണ്ടെണ്ണം ബെംഗളൂരു -കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തും. നിലവിലുള്ള പഴയ ബസുകൾക്കു പകരമാണു പുതിയ ബസുകളെത്തുന്നത്. ഒക്ടോബർ ആദ്യവാരം സർവീസ് ആരംഭിക്കും. ബെംഗളൂരുവിൽ നിന്നു ചെന്നൈ, വിജയവാഡ, ശ്രീഹരിക്കോട്ട, മംഗളൂരു, മണിപ്പാൽ, മൈസൂരു, വിരാജ്പേട്ട് മടിക്കേരി, മുംബൈ എന്നിവിടങ്ങളിലേക്കാണ് മറ്റുള്ളവ. ഒരു കോടി എട്ട് ലക്ഷം രൂപയാണു വില.
പൊതുഗതാഗത രംഗത്ത് മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാകാൻ കർണാടക ആർടിസിക്കു സാധിച്ചെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കഴിഞ്ഞ നാലു വർഷത്തിനിടെ 201 അവാർഡുകൾ ലഭിച്ചു. 2016-17 ൽ 153 കോടി രൂപയാണ് കെഎസ്ആർടിസിക്ക് സർക്കാർ സാമ്പത്തിക സഹായമായി നൽകിയത്. ഇക്കൊല്ലം1500 പുതിയ ബസുകളാണു വാങ്ങുക. കഴിഞ്ഞ വർഷം 12523.91 കോടി രൂപയാണ് കെഎസ്ആർടിസിക്ക് വരുമാനമായി മാത്രം ലഭിച്ചത്.
സർക്കാർ ബസുകളിൽ പട്ടികജാതി വിദ്യാർഥികൾക്ക് പൂർണമായും യാത്രാസൗജന്യം നൽകിയത് രാജ്യത്ത് ആദ്യമായി കെഎസ്ആർടിസിയാണെന്നും സിദ്ധരാമയ്യ പറഞ്ഞു. കോർപറേഷന്റെ നാലു കൊല്ലത്തെ പ്രവർത്തനങ്ങൾ സമാഹരിച്ചുള്ള പ്രത്യേക പതിപ്പ് ചടങ്ങിൽ ഗതാഗതമന്ത്രി എച്ച്. എം. രേവണ്ണ പ്രകാശനം ചെയ്തു. ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി, കെഎസ്ആർടിസി ചെയർമാൻ കെ. ഗോപാല പൂജാരി, മാനേജിങ് ഡയറക്ടർ എസ്. ആർ. ഉമാശങ്കർ എന്നിവർ പങ്കെടുത്തു.
∙ സാധാരണ ബസിനേക്കാൾ നീളം; 13.8 മീറ്റർ മുതൽ 14.5 മീറ്റർ വരെ ∙ 51 സീറ്റുകൾ വീതം (പഴയവയിൽ പരമാവധി 47 സീറ്റ് മാത്രം) ∙ ഭാരത് സ്റ്റേജ് നാല് നിലവാരം പുലർത്തുന്ന 410 എച്ച് പി എൻജിൻ ∙ പൂർണമായും ഇലക്ട്രോണിക് സംവിധാനത്തോടെയുള്ള ആന്റി ബ്രേക്കിങ് സംവിധാനം, ∙ സ്വയം നിയന്ത്രിത സസ്പെൻഷൻ സംവിധാനം; കൂടുതൽ യാത്രാസുഖം ∙ പുഷ്ബാക്ക് സീറ്റുകൾക്കിടയിൽ കൂടുതൽ സ്ഥലവും സൗകര്യങ്ങളും ∙ തീ പിടിച്ചാൽ മുന്നറിയിപ്പ് നൽകുന്ന ഫയർ സേഫ്ടി അലാം ∙ മൂന്ന് എൽഇഡി ടിവികൾ, എൽഇഡി ലൈറ്റുകൾ