ബെംഗളൂരു ∙ ബാങ്ക് പരീക്ഷാ നടത്തിപ്പിലെ പരിഷ്കാരം കർണാടകയിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കു തിരിച്ചടിയാകുന്നെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര സർക്കാരിനു കത്തെഴുതി. കർണാടകയിൽ പ്രവർത്തിക്കുന്ന ബാങ്കുകളിലേക്കുള്ള പരീക്ഷകളിൽ കന്നഡിഗർക്കു മുൻഗണന നൽകണം എന്നാവശ്യപ്പെട്ടു കന്നഡ അനുകൂല സംഘടനകൾ കഴിഞ്ഞ ദിവസം കർണാടകയിൽ ബാങ്ക് പരീക്ഷ അലങ്കോലമാക്കിയിരുന്നു.
സംസ്ഥാനത്തെ ബാങ്കുകളിലെ ജോലികളെല്ലാം അന്യ സംസ്ഥാനക്കാർ തട്ടിയെടുക്കുകയാണെന്ന് ആരോപിച്ച ഇവർ ആന്ധ്ര ആസ്ഥാനമായുള്ള ബാങ്കിന്റെ കർണാടകയിലെ ശാഖകളിൽ പ്രബേഷനറി ഓഫിസർ തസ്തികയിലേക്കുള്ള പരീക്ഷയാണു തടസ്സപ്പെടുത്തിയത്. രാജ്യത്ത് എവിടെ നിന്നുള്ളവർക്കും പങ്കെടുക്കാവുന്ന ഇന്ത്യൻ ബാങ്കിങ് പ്രഫഷനൽ സിലക്ഷൻ(ഐബിപിഎസ്) പരീക്ഷയിൽ കന്നഡിഗർ പിന്തള്ളപ്പെട്ടു പോവുകയാണ്. ഉദ്യോഗാർഥികളുടെ ഇത്തരം പരാതികളുടെ പശ്ചാത്തലത്തിലാണ് ഐബിപിഎസ് പരീക്ഷയിൽ സമീപകാലത്തു വരുത്തിയ മാറ്റങ്ങളിലെ പോരായ്മ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഇന്നലെ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് കത്തയച്ചത്. നിലവിൽ ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലാണ് ബാങ്ക് പരീക്ഷകൾ നടത്തുന്നത്.
ഇതുമൂലം കന്നഡ ഭാഷ അറിയുന്ന കഴിവുറ്റ ഉദ്യോഗാർഥികൾ പിന്തള്ളപ്പെട്ടു പോകുന്നു. ഇത്തരം പരീക്ഷാ സമ്പ്രദായം പ്രാദേശിക വികാരങ്ങളെ അവഗണിക്കുന്നതാണ്. ബാങ്കിങ്, റെയിൽവേ, സെൻട്രൽ എക്സൈസ് തുടങ്ങിയ കേന്ദ്ര സർക്കാർ പരീക്ഷകളിലെല്ലാം രാജ്യത്തെ 22 ഭാഷകൾക്കും പരിഗണന നൽകേണ്ടതിനു പകരം ഹിന്ദി–ഇംഗ്ലിഷ് ഭാഷക്കാരായ ഉദ്യോഗാർഥികൾക്കു മാത്രമാണ് മുൻഗണന. അന്യസംസ്ഥാനങ്ങളിൽ ജോലി ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ പ്രാദേശിക ഭാഷ പഠിക്കാൻ ഇവർക്കു സമയം അനുവദിക്കുന്നതാണ് പുതിയ പരിഷ്കാരം. കർണാടകയിലെ ഗ്രാമീണ മേഖലകളിലെ ബാങ്കുകളിലെ ജോലിയിൽ കന്നഡിഗർക്കാണ് കൂടുതൽ മികവു പ്രകടിപ്പിക്കാൻ സാധിക്കുക.
ഗ്രാമീണ ബാങ്കുകളിൽ അന്യ സംസ്ഥാനത്തു നിന്നുള്ള ഉദ്യോഗാർഥികൾക്കു പ്രാദേശികഭാഷ മാത്രം സംസാരിക്കുന്ന ഗ്രാമീണരുമായി ആശയവിനിമയം നടത്താനാകില്ല. ഇതു സാംസ്കാരികവും സാമൂഹികവും ഭാഷാപരവുമായ പ്രശ്നങ്ങൾക്കു വഴിവയ്ക്കും. ഹിന്ദിയിലും ഇംഗ്ലിഷിലും മാത്രമേ പരീക്ഷകൾ നടത്തുകയുള്ളു എന്നതു ഭരണഘടനാ തത്വത്തിന്റെ ലംഘനമാണ്. അതിനാൽ ഒരു ഭാഷയ്ക്കും പ്രാമുഖ്യം നൽകാതെ രാജ്യത്തെ 22 ഭാഷകൾക്കു തുല്യപ്രാധാന്യം നൽകും വിധം ഐബിപിഎസ് ചട്ടം ഭേദഗതി ചെയ്യണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.