മൊബൈൽ കന്റീനുകളുടെ നടത്തിപ്പിന് ഓരോ ജില്ലയിലെയും സ്ത്രീശക്തി വിമൻസ് കോ ഓപ്പറേറ്റീവിനു 10 ലക്ഷം രൂപ വീതം ഗ്രാന്റ് അനുവദിക്കും. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള സംരംഭത്തിൽ കഴിവതും അതതു പ്രദേശത്തെ സ്ത്രീകൾക്കായിരിക്കും അവസരം നൽകുകയെന്നു ഭാരതി ശങ്കർ പറഞ്ഞു. ലൈസൻസുള്ള വനിതകളെ മൊബൈൽ കന്റീനുകളുടെ ഡ്രൈവർമാരാക്കും. ആവശ്യമെങ്കിൽ സ്ത്രീകളെ ഡ്രൈവിങ് പഠിപ്പിക്കുകയും ചെയ്യും. ജില്ലാ ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള മൊബൈൽ കന്റീനുകൾ വിജയകരമായാൽ രണ്ടുവർഷത്തിനുള്ളിൽ എല്ലാ താലൂക്കുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. സബ്സിഡി നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്ന കന്റീനുകളിലെ ഭക്ഷണത്തിന്റെ വില നിലവാരം പുറത്തുവിട്ടിട്ടില്ല. അഞ്ച് രൂപയ്ക്കു പ്രഭാത ഭക്ഷണം, അത്താഴം എന്നിവയും പത്തു രൂപയ്ക്ക് ഉച്ചഭക്ഷണവും നൽകുന്ന ഇന്ദിര കന്റീനുകൾ കഴിഞ്ഞ മാസം 16നാണ് ഉദ്ഘാടനം ചെയ്തത്.
ആദ്യം കൂപ്പൺ എടുക്കുന്ന 250 പേർക്കാണ് ഇന്ദിര കന്റീനിൽ ഒരുസമയം ഭക്ഷണം വിതരണം ചെയ്യുക. രാവിലെ 7.30 മുതൽ 10 വരെ പ്രഭാതഭക്ഷണവും 12.30 മുതൽ മൂന്നു വരെ ഉച്ചഭക്ഷണവും രാത്രി 7.30 മുതൽ ഒൻപതു വരെ അത്താഴവും ലഭിക്കും. ഉച്ചയ്ക്കു പച്ചരിച്ചോറ്, സാമ്പാർ, രസം, അച്ചാർ എന്നിവയും മറ്റു സമയങ്ങളിൽ ഉപ്പുമാവ്, റൈസ്ബാത്ത്, ഇഡ്ഡലി എന്നിവയും ഉണ്ടായിരിക്കും. ഞായറാഴ്ചകളിൽ ലെമൺ റൈസ്, ടൊമാറ്റോ റൈസ്, ജീര റൈസ്, പുളിയോഗരെ എന്നിവയിൽ ഏതെങ്കിലും വിഭവം അധികമായുണ്ടാകും. ബെംഗളൂരു മഹാനഗരസഭ(ബിബിഎംപി) വാർഡുകൾ കേന്ദ്രീകരിച്ചുള്ള ഇന്ദിര കന്റീനുകളിൽ 126 എണ്ണമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ശേഷിച്ച 72 കന്റീനുകളുടെ ഉദ്ഘാടനം ഒക്ടോബർ രണ്ടിനു നിർവഹിക്കുമെന്നാണ് ബിബിഎംപി അറിയിച്ചിരിക്കുന്നത്.