നഗരം പെരുമഴയില്‍ മുങ്ങി;നാല് മരണം.

ബെംഗളൂരു ∙ മരണം വിതച്ചു ബെംഗളൂരുവിൽ മഴ തുടരുന്നു. വെള്ളിയാഴ്ച മരം കാറിനു മുകളിൽ വീണു ദമ്പതികൾ ഉൾപ്പെടെ മൂന്നുപേരും ശേഷാദ്രിപുരത്ത് ഓടയിൽ കുത്തൊഴുക്കിൽ ഒലിച്ചുപോയ യുവാവുമാണു മരിച്ചത്. ഈ വർഷം കാലവർഷവുമായി ബന്ധപ്പെട്ടു ബെംഗളൂരുവിൽ ഉണ്ടാകുന്ന ആദ്യദുരന്തമാണിത്. മരിച്ചവരുടെ ആശ്രിതർക്കു ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി) അഞ്ചു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. ബന്ധുക്കൾക്കു ജോലി നൽകുന്ന കാര്യവും പരിഗണനയിലുണ്ട്.

വെള്ളിയാഴ്ച രാത്രി പെയ്ത മഴ കനത്ത നാശമാണു വിതച്ചത്. കോറമംഗല, എച്ച്എസ്ആർ ലേഔട്ട് തുടങ്ങി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ നൂറോളം വീടുകളിൽ വെള്ളം കയറി. മരം വീണ് രണ്ടു വാഹനങ്ങൾ തകർന്നെങ്കിലും ആളപായം ഉണ്ടായില്ല. വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞും അപ്പാർട്മെന്റുകളിലെ വൈദ്യുതി മീറ്ററുകളിൽ വെള്ളം കയറിയും ഒട്ടേറെ ഇടങ്ങളിൽ വൈദ്യുതി മുടങ്ങി. മഴയ്ക്കൊപ്പം റോഡിൽ നൂറുകണക്കിനു കുഴികളും രൂപപ്പെട്ടതോടെ വാഹന ഗതാഗതം ദുരിതപൂർണമായി. വെള്ളിയാഴ്ച മാത്രം 65 മില്ലിമീറ്ററിലേറെ മഴ ലഭിച്ചു.

ദക്ഷിണ – പടിഞ്ഞാറൻ കാലവർഷം സജീവമായതിനാൽ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ബെംഗളൂരുവിൽ നല്ല മഴ ലഭിച്ചു. തടാകങ്ങളും കുളങ്ങളുമെല്ലാം നിറയുകയും ഭൂഗർഭജലത്തിന്റെ അളവു കൂടുകയും ചെയ്തു. രണ്ടു ദിവസംകൂടി മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

∙ മഴക്കെടുതി നേരിടാൻ 21 പ്രത്യേക സംഘം മഴക്കെടുതി നേരിടാൻ ബിബിഎംപിയുടെ 21 പ്രത്യേക സംഘം രംഗത്തുള്ളതായി മേയർ ജി.പദ്മാവതി അറിയിച്ചു. റോഡിലേക്കു കടപുഴകിയ മരങ്ങൾ മുറിക്കാനും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു ചെളി നീക്കി ഓടകൾ ശുചിയാക്കാനും ഒടിഞ്ഞുവീണ വൈദ്യുത പോസ്റ്റുകൾ മാറ്റാനുമെല്ലാം ഇന്നലെ നൂറുകണക്കിനു ജോലിക്കാർ സജീവമായിരുന്നു. മഴ മാറാത്തതിനാൽ റോഡിലെ കുഴികൾ അടയ്ക്കൽ പുനരാരംഭിച്ചിട്ടില്ല.

ചില ഭാഗങ്ങളിൽ കല്ലും മണ്ണും ഉപയോഗിച്ചു കുഴികൾ അടയ്ക്കാനുള്ള ശ്രമം സ്ഥിതി കൂടുതൽ വഷളാക്കി. വെള്ളം കയറിയ റോഡുകളിലെ കുഴികളിൽ വീണ് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നതു പതിവായി. വെള്ളിയാഴ്ച മാത്രം നൂറോളം മരങ്ങൾ ഒടിഞ്ഞു വീണതിനാൽ വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നു കർണാടക ദുരന്തനിവാരണ ദൗത്യസേന മുന്നറിയിപ്പു നൽകി. റോഡിലെ വെള്ളക്കെട്ടിൽ അപകടത്തിൽപെടാൻ സാധ്യത കൂടുതലുള്ള ബൈക്ക് യാത്രികർക്കു വലിയ വാഹനങ്ങൾ വഴിയൊരുക്കി കൊടുക്കണമെന്നു ട്രാഫിക് പൊലീസ് അറിയിച്ചു.

∙ \ശ്രദ്ധിക്കാം, ഇക്കാര്യങ്ങൾ – മഴയുള്ളപ്പോൾ കഴിവതും വീട്ടിൽ തങ്ങുക. – വെള്ളക്കെട്ടിലൂടെ നടക്കേണ്ട സാഹചര്യം ഉണ്ടായാൽ വടി ഉപയോഗിച്ച് മുൻപിൽ കുഴികൾ ഇല്ലെന്ന് ഉറപ്പാക്കുക. – ഒഴുക്കുവെള്ളത്തിലൂടെ ഒരു കാരണവശാലും നടക്കരുത്. നിസ്സാരമെന്നു കരുതുന്ന ഇത്തരം വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോകാൻ സാധ്യത കൂടുതലാണ്. – വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കരുത്. – വീടിന്റെ മേൽക്കൂര നനഞ്ഞിരിക്കുമ്പോൾ ഫാൻ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുത്.

മഴവെള്ളത്തിലൂടെ കുട്ടികൾ, ഗർഭിണികൾ, ഭിന്നശേഷിയുള്ളവർ, വയോധികർ എന്നിവരെ തനിയെ വിടരുത്. – പ്രളയജലത്താൽ നനഞ്ഞ ഭക്ഷണം കഴിക്കരുത്. പകർച്ചവ്യാധികൾ പിടിപെടാം. – താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ കുട്ടികളുടെ പുസ്തകങ്ങൾ, തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ പ്രധാന രേഖകൾ വീട്ടിൽ ഉയർന്ന സ്ഥലങ്ങളിൽ സൂക്ഷിക്കണം. – മരങ്ങൾക്കു താഴെ വാഹനം പാർക്ക് ചെയ്യുകയോ മഴയും കാറ്റുമുള്ളപ്പോൾ മരങ്ങൾക്കു താഴെ നിൽക്കുകയോ ചെയ്യരുത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us