എം ടി വാസുദേവൻ നായരുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന രണ്ടാമൂഴം ഉടന്‍ യാഥാര്‍ഥ്യമാകുമെന്നാണ് പുതിയ വാര്‍ത്തകള്‍. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മനോരമ ന്യൂസിന്റെ ന്യൂസ്മേക്കര്‍ സംവാദത്തിലാണ് എംടി സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിയെന്നും 600 കോടി രൂപ മുതൽമുടക്കിലാണ് രണ്ടാമൂഴം സിനിമയാകുന്നതെന്നും മോഹൻലാൽ അറിയിച്ചത്.
മഹാഭാരത കഥ ആസ്പദമാക്കി എം.ടി. വാസുദേവൻ നായർ രചിച്ച രണ്ടാമൂഴം 1985 ലെ വയലാർ അവാർഡ് നേടിയിരുന്നു. അതിശക്തനും ലളിതചിന്താഗതിക്കാരനുമായ ഭീമൻ എന്ന മനുഷ്യന്റെ ചിന്തകളും വികാരങ്ങളും ഭീമന്റെ നിത്യജീവിതത്തിലെ സംഭവങ്ങളും ഭീമന്റെ കണ്ണിലൂടെ വിവരിക്കുകയാണ് നോവലിൽ. പലപ്പോഴും സഹോദരന്മാരുടെ ചിന്തകൾ ഭീമന് മനസ്സിലാവുന്നില്ല. രണ്ടാമൂഴം സിനിമയാകുന്നുവെന്ന വാര്‍ത്തകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
എംടി യുടെ തിരക്കഥയില്‍ ഹരിഹരന് ചിത്രം സംവിധാനം ചെയ്യുന്നുവെന്നായിരുന്നു ആദ്യകാലവാര്‍ത്തകള്‍. അഞ്ച് വര്‍ഷത്തിലധികമായി ഇതുസംബന്ധിച്ച് നിരന്തരം നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ന്ന് എം ടി തന്നെ ഇക്കാര്യം നിഷേധിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നാലെ കൂടുതല്‍ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കുമായി പ്രൊജക്ട് നീട്ടിവച്ചതായും വാര്‍ത്തകള്‍ വന്നു.
ഇടക്കാലത്ത് സിനിമ ഇംഗ്ളീഷിലും ഹിന്ദിയിലുമായി ഒരുക്കുന്നതായി ഊഹാപോഹങ്ങള്‍ ഉയര്‍ന്നു. അമിതാഭ് ബച്ചന് ഭീഷ്മരെ അവതരിപ്പിക്കുന്നെന്നും മോഹന്‍ലാല്‍ ഭീമനാകുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഹരിഹരനു പകരം പരസ്യസംവിധായകന്‍ ശ്രീകുമാറിന്റെ പേരും സംവിധായകന്റെ സ്ഥാനത്ത് കേട്ടു.
250 കോടി മുതൽ മുടക്കില്‍ ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉൾപ്പെടെയുള്ള ഭാഷകളില്‍ ചിത്രം ഒരുക്കുന്നതായും തമിഴ് സൂപ്പർ താരം വിക്രം അർജുനന്റെ വേഷം അവതരിപ്പിക്കുമെന്നും എആർ റഹ്മാനാണ് സംഗീതം ഒരുക്കുമെന്നും തെലുങ്ക് സൂപ്പർ താരം നാഗാർജുനയും ചിത്രത്തിൽ വേഷമിട്ടേക്കുമെന്നും ഇടക്കാലത്ത് വാര്‍ത്തകള്‍ പരന്നിരുന്നു.
എന്നാല്‍ മോഹന്‍ലാലിന്റെ തന്നെ പുതിയ വെളിപ്പെടുത്തലോടെ ഇത്തരം ഊഹാപോഹങ്ങള്‍ക്കെല്ലാം അവസാനമാകുകയാണ്. രണ്ടു ഭാഗങ്ങളായിട്ടാവും ചിത്രം പൂര്‍ത്തിയാകുന്നതെന്നു വിശദീകരിക്കുന്ന ലാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അഭിനയം നിര്‍ത്തണമെന്ന ആഗ്രഹം തന്റെ മനസിലുണ്ടെന്നും സംവാദത്തിനിടെ വെളിപ്പെടുത്തുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.