തിരുവനന്തപുരം: മുഖ്യമന്ത്രി കടുത്ത നിലപാടെടുത്തതോടെ അവധി സമരം പിൻവലിച്ച് ഐഎഎസ് അസോസിയേഷൻ. സമരം നടത്തി സർക്കാറിനെ വഴിപ്പെടുത്താൻ നോക്കേണ്ടെന്ന് കൂടിക്കാഴ്ചക്കെത്തിയ ഉദ്യോഗസ്ഥർക്ക് പിണറായി മുന്നറിയിപ്പ് നൽകി. ജേക്കബ് തോമസിനെതിരെ അസോസിയേഷൻ ഉന്നയിച്ച ആരോപണങ്ങളും മുഖ്യമന്ത്രി തള്ളി. അതേസമയം സമരം സർക്കാറിനെതിരെ അല്ലെന്ന് അസോസിയേഷൻ വിശദീകരിച്ചു.
കൂട്ട അവധി പ്രതിഷേധത്തിനൊരുങ്ങിയ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രി സ്വീകരിച്ചത് കടുത്ത നിലപാട്. കൂടിക്കാഴ്ചയിൽ ഉന്നത ഉദ്യോഗസ്ഥർ ഓരോരുത്തരായി കാര്യങ്ങൾ വിശദീകരിച്ച് തുടങ്ങിയപ്പോൾ മുഖ്യമന്ത്രി ഇടപെട്ടു. ഒരു കൂട്ടം ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന് സമരം തീരുമാനിച്ചത് അംഗീകരിക്കാനാകില്ല, സമരം വഴി സർക്കാറിനെ ദുർബ്ബലപെടുത്തുകയാണ് ലക്ഷ്യമെങ്കിൽ നടക്കില്ലെന്നായിരുന്നു മുന്നറിയിപ്പ്.
സമരത്തെ തള്ളിയ മുഖ്യമന്ത്രി ജേക്കബ് തോമസിനെ വീണ്ടും പൂർണ്ണമായി പിന്തുണച്ചു. ജേക്കബ് തോമസിനെതിരെ അസോസിയേഷൻ ഉന്നയിച്ച ആരോപണങ്ങളും ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടും മുഖ്യമന്ത്രി തള്ളി.
അതേ സമയം പ്രതിഷേധം സർക്കാറിനെതിരെ അല്ലെന്നായിരുന്നു അസോസിയേഷൻറെ വിശീദകരണം. പരാതികൾ പരിഹരിക്കാൻ സ്ഥിരം സംവിധാനം ഏർപ്പെടുത്തുമെന്നും വിശദമായി പിന്നീട് ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. പിന്നാലെ അസോസിയേഷൻ അവധി സമരത്തിൽ നിന്നും പിന്മാറി.