രണ്ടില ഏതുനിമിഷവും വീഴാം;മാണി ഉറച്ച തീരുമാനങ്ങളിലേക്ക്;ഇന്ന് നിര്‍ണായകം.

തിരുവനന്തപുരം : മുന്നണി വിടാനുള്ള തീരുമാനത്തില്‍ കേരള കോണ്‍ഗ്രസ് മാണിവിഭാഗം ഉറച്ചുനില്‍ക്കെ യുഡിഎഫ് ഗുരുതര പ്രതിസന്ധിയിലേക്ക്. ചൊവ്വാഴ്ച വൈകിട്ട് കെപിസിസി ആസ്ഥാനത്ത് പ്രസിഡന്റ് വി എം സുധീരനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അനൌപചാരിക യോഗം ചേര്‍ന്നെങ്കിലും പ്രശ്നപരിഹാരത്തിന് ഒരു ഫോര്‍മുലയും ഉരുത്തിരിഞ്ഞില്ല. കെ എം മാണി തീരുമാനത്തില്‍നിന്ന് പിന്മാറുന്നില്ലെങ്കില്‍ ആ പാര്‍ടിയെ പിളര്‍ത്തി ഒരുവിഭാഗത്തെ കൂടെ നിര്‍ത്താനാകുമോ എന്നാണ് ഏറ്റവും ഒടുവിലത്തെ ആലോചന. യുഡിഎഫ് ചെയര്‍മാന്‍ പദവി നല്‍കി വശത്താക്കാനുള്ള കെണിയിലും മാണി വീഴാത്ത സാഹചര്യത്തിലാണിത്.

പി ജെ ജോസഫ് ഉള്‍പ്പെടെയുള്ളവരെ കൂടെനിര്‍ത്തി കേരള കോണ്‍ഗ്രസിനെ പിളര്‍ത്താനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. നേരത്തെ ബാര്‍കോഴയില്‍ താന്‍ മന്ത്രിസ്ഥാനം രാജിവച്ചപ്പോള്‍ പി ജെ ജോസഫിനോടും രാജിവയ്ക്കാന്‍ മാണി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റും ചേര്‍ന്ന് ജോസഫിനെ പിന്തിരിപ്പിച്ചു. അതേരീതിയില്‍ മുന്നണിമാറ്റത്തില്‍നിന്ന് ജോസഫിനെ പിന്തിരിപ്പിക്കാനാണ് നീക്കം. എന്നാല്‍, കൂറുമാറ്റനിരോധന നിയമം മറികടക്കണം. മാണിവിഭാഗത്തിന്റെ ആറ് എംഎല്‍എമാരില്‍ പി ജെ ജോസഫും മോന്‍സ് ജോസഫും മാത്രമാണ് പഴയ ജോസഫ് ഗ്രൂപ്പ്. രണ്ടുപേര്‍ മാത്രം മാറിനിന്നാല്‍ കൂറുമാറ്റമാകും. ഇത് മറികടക്കാന്‍ മാണിവിഭാഗത്തിലെ സി എഫ് തോമസിനെ വലവീശാനാണ് ആലോചന. മുന്നണി വിടുന്നതിനോട് സി എഫ് തോമസിന് പൂര്‍ണ യോജിപ്പില്ലെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ കരുതുന്നു. പകുതി എംഎല്‍എമാരുടെ പിന്തുണയായാല്‍ കൂറുമാറ്റനിരോധന നിയമത്തില്‍ ഇളവ് പ്രതീക്ഷിക്കുന്നുമുണ്ട്.

ചരല്‍ക്കുന്നില്‍ ആറിനും ഏഴിനും ചേരുന്ന ക്യാമ്പില്‍ മുന്നണിമാറ്റം പ്രഖ്യാപിക്കാന്‍ തന്നെയാണ് മാണിയുടെ തീരുമാനം. ഏഴിന് ക്യാമ്പ് സമാപിച്ചശേഷം പകല്‍ രണ്ടിന് മാധ്യമപ്രവര്‍ത്തകരെ കണ്ട് തീരുമാനം പ്രഖ്യാപിക്കും. നിയമസഭയില്‍ പ്രത്യേക ബ്ളോക്കായി ഇരിക്കുമെന്നായിരിക്കും പ്രഖ്യാപനം. യുഡിഎഫ് വിടരുതെന്ന് പി ജെ ജോസഫ് ആവശ്യപ്പെടുകയാണെങ്കില്‍ തല്‍ക്കാലം തീരുമാനം പ്രഖ്യാപിക്കില്ല. പകരം തീരുമാനമെടുക്കാന്‍ മാണിയെ ചുമതലപ്പെടുത്തും. ബിജെപി മുന്നണിയില്‍ ചേരുന്നതിനുള്ള ചര്‍ച്ച മാണി സജീവമാക്കുകയും ചെയ്തിട്ടുണ്ട്. മകന്‍ ജോസ് കെ മാണിക്ക് കേന്ദ്ര സഹമന്ത്രിസ്ഥാനത്തിനും മാണിക്ക് ഒരു ഉയര്‍ന്ന പദവിക്കുമായുള്ള ചര്‍ച്ചയാണ് അണിയറയില്‍ നടക്കുന്നത്. മാണിക്ക് വാതില്‍ മലര്‍ക്കെ തുറന്നിട്ടെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പ്രഖ്യാപനം. ഇതാണ് കോണ്‍ഗ്രസിനെ കുഴയ്ക്കുന്നതും.

മാണി പറയുന്നതില്‍ കാര്യമുണ്ടെന്ന് മുസ്ളിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂരും പറഞ്ഞതും കോണ്‍ഗ്രസിന് വെല്ലുവിളിയാണ്. ഇതിന് മറുപടി പറയാനും കോണ്‍ഗ്രസിന് കഴിയുന്നില്ല. മാണിയുമായുള്ള നല്ല ബന്ധം തുടരാനാണ് ആഗ്രഹമെന്നാണ്  ഇന്ദിരാഭവനിലെ ചര്‍ച്ചയ്ക്കുശേഷം സുധീരന്‍ പറഞ്ഞത്. ആവശ്യമെങ്കില്‍ ഹൈക്കമാന്‍ഡിനെ ഇടപെടീക്കുമെന്നും സുധീരന്‍ പറഞ്ഞു. ഹൈക്കമാന്‍ഡ് പുതിയ ഫോര്‍മുല കൊണ്ടുവന്നാല്‍ മാണി വഴങ്ങിയേക്കും എന്ന പ്രതീക്ഷയിലാണിത്. അങ്ങനെയെങ്കില്‍ രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറ്റിയുള്ള തീരുമാനം ഹൈക്കമാന്‍ഡിന് എടുക്കേണ്ടിവരും. അതും നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ആത്മഹത്യാപരമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us