2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ. ഇടപാടുകൾക്ക് സർവീസ് ചാർജ്; കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനമിറക്കി

ന്യൂഡൽഹി: ഉയർന്ന തുകയുടെ യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഈടാക്കുന്നതിനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. ഇത് സംബന്ധിച്ച് കേന്ദ്ര ധനമന്ത്രാലയം പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. പുതിയ ഉത്തരവ് പ്രകാരം 2,000 രൂപയ്ക്ക് താഴെയുള്ള യുപിഐ ഇടപാടുകൾക്കും റുപേയ് ഡെബിറ്റ് കാർഡുകൾ വഴിയുള്ള ഇടപാടുകൾക്കും മാത്രമേ ഇനിമുതൽ ചാർജ് ഒഴിവാക്കൽ ആനുകൂല്യം ലഭിക്കുകയുള്ളൂ.

2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് എംഡിആർ നടപ്പാക്കുന്നതിന്റെ ആദ്യപടിയായാണ് ധനമന്ത്രാലയത്തിന്റെ ഈ നീക്കം. എന്നാൽ ഇതിൽ ഈടാക്കേണ്ട നിരക്കുകൾ, ഈടാക്കുന്ന രീതി, ഏതൊക്കെ തരത്തിലുള്ള വ്യാപാരികൾക്കാണ് ഇളവുകൾ ലഭിക്കുക എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ വരാനിരിക്കുന്ന അടുത്ത വിജ്ഞാപനങ്ങളിലൂടെ മാത്രമേ വ്യക്തമാകൂ. നിലവിൽ വ്യക്തികൾ തമ്മിൽ നടത്തുന്ന (P2P) യുപിഐ ഇടപാടുകൾ പൂർണ്ണമായും സൗജന്യമായി തുടരും. വ്യക്തികൾ വ്യാപാരികൾക്ക് പണം നൽകുന്ന ‘പേഴ്സൺ ടു മെർച്ചന്റ്’ (P2M) ഇടപാടുകൾക്കാണ് പുതിയ ഭേദഗതി ബാധകമാകുന്നത്.

ഡിജിറ്റൽ ഇടപാടുകൾ നടത്തുമ്പോൾ ബാങ്കുകളോ പേയ്മെന്റ് സേവനദാതാക്കളോ വ്യാപാരികളിൽ നിന്ന് ഈടാക്കുന്ന സർവീസ് ചാർജാണ് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ). 2019 അവസാനം വരെ പി2എം ഇടപാടുകളുടെ 0.3 ശതമാനം വരെ എംഡിആർ ഈടാക്കിയിരുന്നുവെങ്കിലും, ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി 2020 ജനുവരി മുതൽ എല്ലാ യുപിഐ ഇടപാടുകൾക്കും ഇത് പൂർണ്ണമായി ഒഴിവാക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ മാസം പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് നിയമത്തിൽ ഭേദഗതി വരുത്തിയാണ് കേന്ദ്ര സർക്കാർ എംഡിആർ തിരിച്ചുകൊണ്ടുവരാൻ വഴിയൊരുക്കിയത്.

എംഡിആർ പുനഃസ്ഥാപിക്കുന്നതോടെ ഇതിന്റെ നിശ്ചിത വിഹിതം ഇടപാടുകളിൽ പങ്കാളികളാകുന്ന ബാങ്കുകൾക്കും പേയ്മെന്റ് ആപ്പുകൾക്കും ലഭിക്കും. എങ്കിലും വ്യാപാരികൾ ഈ അധിക സാമ്പത്തിക ബാധ്യത ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാൻ തുടങ്ങിയാൽ, സാധാരണക്കാരുടെ ഡിജിറ്റൽ പണമിടപാടുകൾക്ക് ചെലവ് ഏറാൻ സാധ്യതയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts